ത്രിരാഷ്‌ട്ര സിരീസ് വെല്ലുവിളി:രോഹിത്

വെള്ളി, 1 ഫെബ്രുവരി 2008 (10:37 IST)
WDFILE
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്‌ട്ര സിരീസ് വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീ‍മിലെ യുവപോരാളി രോഹിത് ശര്‍മ്മ പറഞ്ഞു. ത്രിരാഷ്‌ട്ര സിരീസില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് വ്യാഴാഴ്‌ച പോകുന്നതിനു മുമ്പാണ് രോഹിത് ഇത് പറഞ്ഞത്.

അതേസമയം മുമ്പ് ഇന്ത്യന്‍ എ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായി കംഗാരുക്കളുടെ നാട്ടില്‍ പര്യടനം നടത്തിയതു കൊണ്ട് തനിക്ക് ഇവിടത്തെ പിച്ചുകളുടെ സ്വാഭാവത്തെക്കുറിച്ച് ധാരണയുണ്ടെന്നും രോഹിത് പറഞ്ഞു. ‘ഓസ്ട്രേലിയയെ പോലത്തെ ടീമിനെതിരെ കളിക്കുമ്പോള്‍ മാനസികമായി സമ്മര്‍ദം ഉണ്ടായിരിക്കുമെന്നത് സത്യമാണ്. അതേസമയം ആത്മവിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്‌ചവെക്കുവാന്‍ കഴിയും.

ഞാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള്‍ കണ്ടു. സിഡ്‌നിയിലെ പിച്ച് അല്‍പ്പം വേഗത കുറഞ്ഞതാണ്. അതേസമയം മെല്‍ബണിലെയും പെര്‍ത്തിലെയും പിച്ചുകളില്‍ ബോള്‍ ബാറ്റിലേക്ക് സുഗമമായി എത്തുന്നുണ്ട്‘;രോഹിത് പറഞ്ഞു.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ 2007 ലാണ് അരങ്ങേറിയത്. 2007 ല്‍ നടന്ന ട്വന്‍റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന മത്സരത്തില്‍ രോഹിത് നേടിയ അര്‍ദ്ധസെഞ്ച്വറി ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. വെറും നാല്‍പ്പതു ബോളുകളില്‍ നിന്നാണ് അദ്ദേഹം അന്‍‌പതു റണ്‍സ് നേടിയത്.

വെബ്ദുനിയ വായിക്കുക