ഓസ്ട്രേലിയയില്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിവന്നാലുടന്‍ ടീമിന് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മൊഹമ്മദ് യൂസഫിന്‍റെ നേതൃത്വത്തിലാണ് നിലവില്‍ പാക് ടീം ഓസീസ് പര്യടനം നടത്തുന്നത്.
ഈ പര്യടനത്തിന് വേണ്ടി മാത്രമാണ് യൂസഫിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിയോഗിച്ചതെന്നും ടീം തിരിച്ചെത്തിയാലുടന്‍ പുതിയ ക്യാപ്റ്റനെ നിയമിക്കുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു. യൂനിസ് ഖാന്‍റെ പിന്‍മാറ്റത്തിന് ശേഷമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് യൂസഫിനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ സെലക്ടര്‍മാരുടെ താല്‍പര്യം ആര്‍ജിക്കാന്‍ യൂസഫിന് കഴിഞ്ഞിട്ടില്ല. ടെസ്റ്റ് പരമ്പരയില്‍ 3-0 ത്തിന് പരാജയപ്പെട്ട പാകിസ്ഥാന് ഏകദിനത്തിലും കാര്യമായി തിളങ്ങാനായില്ല. അതുകൊണ്ടുതന്നെ ദേശീയ ടീമിന്‍റെ ഭാവി യൂസഫിന്‍റെ കയ്യില്‍ സുരക്ഷിതമല്ലെന്ന വിധിയെഴുത്തിലാണ് സെലക്ടര്‍മാര്‍.