ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളാണെങ്കിലും കോഹ്ലിയും ഗംഭീറും ട്വെന്റി 20 യില്‍ ശത്രുക്കള്‍. വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടന്ന മത്സരത്തിനിടെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറും പരസ്പരം ഇടഞ്ഞു.
ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഡല്‍ഹിക്കുവേണ്ടിയും ഉത്തരമേഖലയ്ക്കുവേണ്ടിയും ഒന്നിച്ചുകളിച്ചിട്ടുള്ള ഇരുവരും ഒഎന്‍ജിസിയില്‍ ഒരേ ഓഫീസില്‍ ജോലിചെയ്യുന്നവരുമാണ്.
പത്താം ഓവറില്‍ കോഹ്‌ലി പുറത്തായതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ബാലാജി എറിഞ്ഞ പന്തില്‍ മോര്‍ഗന്‍ ക്യാച്ചെടുത്താണ് കോഹ്‌ലിപുറത്തായത്. തൊട്ടുമുമ്പത്തെ ഓവറില്‍ പ്രദീപ് സാംഗ്വനെ രണ്ട് സിക്‌സറിന് പറത്തിയിരുന്നു കോഹ്‌ലി.
ഗംഭീറും കൊല്‍ക്കത്താ താരങ്ങളും വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ ഇവര്‍ക്ക് അരികിലേക്കെത്തിയ കോഹ്‌ലി പ്രകോപനപരമായി എന്തോ പറഞ്ഞതോടെ ഗംഭീര്‍ കോഹ്‌ലിക്കുനേരെ തിരിഞ്ഞു.
ഡല്‍ഹി താരമായ രജത് ഭാട്ടിയയും അമ്പയര്‍ അനില്‍ ചൗധരിയും താരങ്ങളെ ശാന്തമാക്കാനെത്തി. ഏതായാലും, മത്സരത്തിനുശേഷം ഇരുവരും കൈകൊടുത്ത് പിരിയുകയും ചെയ്തു. ഇരുവര്‍ക്കും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താക്കീത് ലഭിക്കുകയും ചെയ്തു.