ക്രിക്കറ്റ്: സിനിമ തുണച്ചില്ല

FILEIFM
സിനിമ കണ്ട് ആവേശം ഉള്‍ക്കൊള്ളാനിറങ്ങിയ ഇന്ത്യന്‍ ടീമിന്‍റെ ശ്രമം വിജയിച്ചില്ല. നിര്‍ണ്ണായകമായ നാലാം ഏകദിനത്തിന് ഇറങ്ങുന്നതിന് മുന്‍പാണ് കളത്തിലെ പോരാട്ട വീര്യത്തിന്‍റെ കഥ പറയുന്ന ‘ചക് ദേ ഇന്ത്യ’ എന്ന ചിത്രം കാണാന്‍ ഇന്ത്യന്‍ ടീമെത്തിയത്.

എല്ലാവരും എഴുതി തള്ളിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച് കബീര്‍ ഖാനില്‍ നിന്ന് അവേശം ഉള്‍ക്കൊണ്ട് ചാമ്പ്യന്‍മാരാകുന്ന സിനിമ കണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ആവേശോജ്വലമായ തിരിച്ചു വരുമെന്ന് സ്വപ്നം കണ്ടവരെ വിഢികളാക്കി ഇന്ത്യ മാഞ്ചസ്റ്റെറിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു.മത്സരത്തലേന്ന് മാനേജ്മെന്‍റ് അംഗങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യന്‍ ടീം ചിത്രം കണ്ടത്.

സിനിമ കണ്ട് കഴിഞ്ഞ ശേഷം താരങ്ങള്‍ സിനിമ നന്നായി ആസ്വദിച്ചെന്നും ഇതില്‍ നിന്ന് അവര്‍ ആവേശം ഉള്‍ക്കൊണ്ടുവെന്നുമാണ് മാനേജര്‍ രാജീവ് ശുക്ല പറഞ്ഞത്.എന്നാല്‍ ഇത് കഴിഞ്ഞ് വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ ടീം വീണ്ടും കളി മറക്കുകയായിരുന്നു.

പരമ്പര ഇപ്പോഴും കൈവിട്ട് പോയിട്ടില്ലെന്നും ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ച് പരമ്പര സ്വന്തമാക്കാം എന്നുമാണ് തികഞ്ഞ ബോളിവുഡ് സ്റ്റൈലില്‍ ടീം ഇന്ത്യ ഇപ്പോള്‍ പറയുന്നത്.എതായാലും സിനിമയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിച്ച കബീര്‍ ഖാനെ പോലെ കളിക്കാര്‍ക്ക് അവേശം പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന ഒരു കോച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനില്ലെന്ന സത്യം മാത്രം മാറ്റമില്ലാതെ അവശേഷിക്കുന്നു.

വെബ്ദുനിയ വായിക്കുക