കൊച്ചിയില്‍ വിഐപികള്‍ക്കായി ‘സച്ചിന്‍‘ പവലിയന്‍

ചൊവ്വ, 12 നവം‌ബര്‍ 2013 (09:33 IST)
PRO
ക്രിക്കറ്റ് ദൈവം സച്ചിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ ആദരം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ വിഐപി പവലിയന്റെ പേര്‌ ഇനി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പവലിയന്‍ എന്നാകും.

ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാലും കെസിഎ. പ്രസിഡന്റ്‌ ടിസി മാത്യുവുമാണ് ഇത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.പവലിയന്റെ ഔദ്യോഗിക ഉദ്‌ഘാടനം 20ന്‌ വൈകിട്ട്‌ നാലിന്‌ നടക്കും.

സച്ചിന്റെ മികച്ച പ്രകടനങ്ങളുടെ ചിത്രങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിക്കും. ഏകദിന മല്‍സരങ്ങളില്‍ സച്ചിന്‍ നേടിയ 49 സെഞ്ചുറികളെ സൂചിപ്പിക്കുന്നതിനായി 49 വെള്ള പന്തുകളും ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നേടിയ 51 സെഞ്ചുറികളെ സൂചിപ്പിക്കുന്നതിനായി 51 ചുവന്ന ബോളുകളും പവലിയനില്‍ പ്രദര്‍ശിപ്പിക്കും.

ഉദ്‌ഘാടന ചടങ്ങില്‍ കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന്‌ ടിസി മാത്യു പറഞ്ഞു. കെഎഫ്‌എ. പ്രസിഡന്റ്‌ കെഎംഐ മേത്തര്‍, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കെസിഎ ജോയിന്റ്‌ സെക്രട്ടറി ജയേഷ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക