ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ ഓസീസ്

വ്യാഴം, 26 ഫെബ്രുവരി 2009 (10:17 IST)
അന്താരാ‍ഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഓസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നു. മൂന്ന് ടെസ്റ്റുകളുള്ള പരമ്പര സമനിലയില്‍ ആയാലും റിക്കി പോണ്ടിംഗിനും കൂട്ടര്‍ക്കും ഒന്നാമന്‍‌മാരായി തുടരാം.

ടെസ്റ്റ് റാങ്കിംഗില്‍ 126 പോയിന്‍റാണ് ഓസീസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 121 പോയിന്‍റാണുള്ളത്. 118 പോയിന്‍റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും 109 പോയിന്‍റുമായി ശ്രീലങ്ക നാലാം സ്ഥാ‍നത്തുമുണ്ട്.

പേസ് ബൌളിംഗിനെ തുണയ്ക്കുന്ന ജോഹന്നാസ്ബര്‍ഗിലെ പിച്ചില്‍ നാല് പേസര്‍മാരെയും ഒരു സ്പിന്‍ ഓള്‍ റൌണ്ടറെയുമായിരിക്കും പോണ്ടിംഗ് ഇറക്കുക. ഓസീസ് പര്യടനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ച ഫാസ്റ്റ് ബൌളര്‍ ഡെയ്‌ല്‍ സ്റ്റെയ്നിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിന്‍റെ പ്രതീക്ഷ.

നേരത്തെ ടെസ്റ്റിലും ഏകദിനത്തിലും സ്വന്തം നാട്ടില്‍ ഓസീസ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. ഏകദിനത്തില്‍ ഓസീസിനെ മറികടന്ന് ദക്ഷിണാഫിക്ക ഒന്നാം സ്ഥാ‍നത്തെത്തുകയും ചെയ്തു. മൂന്ന് ടെസ്റ്റും രണ്ട് ട്വന്‍റി20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക