അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ (ഐ സി സി) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോന്‍ ഹൊവാര്‍ഡ് സമര്‍പ്പിച്ച അപേക്ഷ പരാജയപ്പെട്ടു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് ഹൊവാര്‍ഡിനെ ശുപാര്‍ശ ചെയ്തത്.
ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും മുന്നോട്ടുവച്ച വ്യക്തിയെ അംഗീകരിക്കാനാകില്ലെന്ന് ഭൂരിഭാഗം ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളും അറിയിച്ചു. ഇതേത്തുടര്‍ന്ന് പുതിയ പ്രതിനിധി ഓഗസ്റ്റ് 31നകം നാമനിര്‍ദ്ദേശ പത്രിക നല്‍കണമെന്നും ഐ സി സി അറിയിച്ചിട്ടുണ്ട്. ഐ സി സിയുടെ നിയമപ്രകാരം പ്രസിഡന്റാകുന്നതിന് മുമ്പ് രണ്ട് വര്‍ഷം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനാല്‍ 2012ല്‍ പ്രസിഡന്റ് സ്ഥാനവും ഹൊവാര്‍ഡിന് ലഭിക്കില്ല.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ബോര്‍ഡുകള്‍ മാത്രമാണ് ഹൊവാര്‍ഡിനെ പിന്തുണച്ചത്. ഇന്ത്യയടക്കം ബാക്കിയുള്ള ആറു രാജ്യങ്ങളിലെ ബോര്‍ഡുകളും ഹൊവാര്‍ഡിനെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ക്രിക്കറ്റ് ബോര്‍ഡുകളിള്‍ യാതൊരു സ്ഥാനവും വഹിക്കാത്ത ഒരാള്‍ എങ്ങനെ ക്രിക്കറ്റിന്റെ ഉന്നത ഭരണാധികാരിയാകും എന്നതായിരുന്ന പ്രധാന ചോദ്യം.
ഏഷ്യന്‍ രാജ്യങ്ങളിലെ ചില കളിക്കാര്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപം നടത്തിയ വ്യക്തിയാണ് ഹൊവാര്‍ഡ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ബൌളിംഗിനെതിരെ ശക്തമായി രംഗത്തുവന്നതും ഹൊവാര്‍ഡായിരുന്നു.