റോസ് ടെയ്‌ലറിന്റെ വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ ഇന്ത്യ നിലം പരിശായി. നാലം ഏകദിനത്തിലും ഇന്ത്യക്ക് പരാജയം. അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യയുടെ 279 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ ന്യൂസിലാന്റ് വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പുറത്താകാതെ സെഞ്ച്വറി (127 പന്തില്‍ നിന്നും 112) നേടിയ റോസ് ടെയ്‌ലറാണ് ന്യൂസിലാന്റിന്റെ വിജയശില്‍പ്പി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സിന് നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിടേണ്ടി വന്നു.
എന്നാല്‍ രോഹിത് ശര്‍മ്മയുടെയും ( 94 പന്തില്‍ നിന്ന് 79 റണ്‍സ്) മഹേന്ദ്രസിംഗ് ധോണിയുടേയും (73 പതന്തില്‍ പുറത്താകാതെ 79 റണ്‍സ്) രവീന്ദ്ര ജഡേജയുടേയും (54 പന്തില്‍ 62 റണ്‍സ്) അര്‍ധ സെഞ്ച്വറികളാണ് പിന്നീട് തകര്‍ച്ചയില്‍ നിന്നും ടീം ഇന്ത്യയെ കര കയറ്റിയത്. ന്യൂസിലണ്ടിന് വേണ്ടി സൗത്തി രണ്ട് വിക്കറ്റും ബെനറ്റ്, നില്‍സ്, വില്ലയംസണ്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന് വേണ്ടി ഓപ്പണര്‍മാരായ ഗുപ്റ്റിലും റൈഡറും മികച്ച തുടക്കമാണ് നല്‍കിയത്.
ഇവര്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ വില്യംസണും ടെയ്‌ലറും ചേര്‍ന്ന് കീവീസ് ഇന്നിംഗ്‌സിന് മികച്ച അടിത്തറയിട്ടു. വില്യംസണ്‍ പുറത്തായ ശേഷം ക്രീസിലെത്തിയ മക്കല്ലവുമായി ചേര്‍ന്ന് ടെയ്‌ലര്‍ ടീമിനെ വിജയ തീരത്തെത്തിക്കുക്കയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമിയും വരുണ്‍ ആരോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.