ഇന്ത്യയ്ക്ക് പത്തരമാറ്റ് ജയം

Webdunia
ബുധന്‍, 27 ജനുവരി 2010 (12:40 IST)
PRD
മൂന്നാം ദിവസത്തെ ചെറുത്തുനില്‍പ്പ് നാലാം ദിനത്തിലേക്ക് നീട്ടാന്‍ ബംഗ്ലാദേശിനായില്ല. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയമെന്ന നാണക്കേട് ഒഴിവാക്കിയെങ്കിലും ബംഗ്ലാ‍ദേശിനെ പത്തു വിക്കറ്റിന് കീഴടക്കി ഇന്ത്യ വിജയ പരമ്പര പൂര്‍ത്തിയാക്കി.

ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 311 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് സഹീര്‍ കൊടുങ്കാറ്റില്‍ 312 റണ്‍സിന് കടപുഴകി. ജയത്തിലേക്ക് രണ്ട് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വിജയമഘോഷിച്ചു. കളിയിലെ കേമനും പരമ്പയിലെ താരവും സഹീര്‍ ഖാനാണ്.

നാലാം ദിനം മൂന്നിന് 290 എന്ന ശക്തമായ നിലയില്‍ നിന്നാണ് ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായത്. 87 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ സഹീര്‍ ഖാനും രണ്ടു വിക്കറ്റെടുത്ത ഓജയും ചേര്‍ന്നാണ് ബംഗ്ലാ പതനം പൂര്‍ത്തിയാക്കിയത്. മൂന്നിന് 228 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് ഷഹദത്ത് ഹുസൈനും മുഹമ്മദ് അഷ്‌റഫുളും ചേര്‍ന്ന് 290ല്‍ എത്തിച്ചു.

ഷഹദത്തിനെ പുറത്താക്കി ഹര്‍ഭജനും അഷ്‌റഫുളിനെ പുറത്താക്കി ഓജയും തലയരിഞ്ഞതോടെ സഹീര്‍ വാലറുത്തു. വിദേശത്ത് ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബൌളറാണ് സഹീര്‍. ഒരോവറില്‍ മൂന്നു വിക്കറ്റ് അടക്കമാണ് സഹീറിന്‍റെ ഏഴു വിക്കറ്റ് നേട്ടം.