ആ 100 ലോര്‍ഡ്സില്‍ പിറക്കുമോ?

ബുധന്‍, 20 ജൂലൈ 2011 (11:05 IST)
ലോകം കാത്തിരിക്കുകയാണ്. അത് സംഭവിച്ചാല്‍, അതില്‍ കൂടുതല്‍ ആനന്ദം മറ്റൊന്നുമില്ല. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ ക്രിക്കറ്റ് ദൈവം തന്‍റെ നൂറാം സെഞ്ച്വറി തികയ്ക്കുമോ? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികയ്ക്കുന്ന കാഴ്ചയ്ക്ക് ലോര്‍ഡ്സ് സാക്ഷിയായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അതൊരു അപൂര്‍വ നേട്ടമാകും.

എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ കൂട്ടാന്‍ സച്ചിന്‍ തയ്യാറല്ല. ഇപ്പോള്‍ തന്‍റെ ആലോചനകളില്‍ പോലും നൂറാം സെഞ്ച്വറിയില്ലെന്ന് സച്ചിന്‍ പറയുന്നു. നന്നായി കളിക്കുക മാത്രമാണ് ലക്‍ഷ്യം. എങ്കിലും ഇന്ത്യ ആഗ്രഹിക്കുന്നു, സച്ചിന്‍റെ ആ വിസ്മയനേട്ടം ലോര്‍ഡ്സിലായിരുന്നെങ്കില്‍...

അങ്ങനെ ഒരാഗ്രഹത്തിന് കാരണവുമുണ്ട്. ലോര്‍ഡ്സില്‍ സച്ചിന് ഇതുവരെ വേണ്ടത്ര തിളങ്ങാനായിട്ടില്ല. ഏഴ് ടെസ്റ്റ് ഇന്നിങ്‌സുകളാണ് സച്ചിന്‍ ലോര്‍ഡ്സില്‍ കളിച്ചിട്ടുള്ളത്. ഒരു കളിയിലും അര്‍ദ്ധസെഞ്ച്വറി പോലും തികയ്ക്കാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തന്‍റെ നൂറാം സെഞ്ച്വറി സച്ചിന് ലോര്‍ഡ്സിലെ പിച്ചില്‍ നേടാനായാല്‍ അത് കൂടുതല്‍ സന്തോഷകരമായ സംഭവമായിരിക്കും.

അതേസമയം, സച്ചിനെ ക്രീസില്‍ തളയ്ക്കേണ്ടത് എങ്ങനെയെന്ന ചര്‍ച്ച ആതിഥേയര്‍ക്കിടയില്‍ ചൂടുപിടിക്കുകയാണ്. ഫാസ്റ്റ് ബോളിംഗിനു മുന്നില്‍ സച്ചിനെ കുടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍.

ഇംഗ്ലണ്ട് സ്ക്വാഡിലെ ക്രിസ് ട്രെം‌ലെറ്റും ജെയിംസ് ആന്‍ഡേഴ്സനും സച്ചിന്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് മറുപടി നല്‍കുമെന്നാണ് വോഗന്‍ കരുതുന്നത്. ഇവര്‍ക്ക് അനായാസം ബോള്‍ സ്വിംഗ് ചെയ്യിക്കാനും ബൌണ്‍സ് ചെയ്യിക്കാനും കഴിയുന്നത് സച്ചിന് ഭീഷണിയാവുമെന്ന് വോഗന്‍ അഭിപ്രായപ്പെടുന്നു.

വേഗതയേറിയ പിച്ച് ആണെങ്കില്‍ ഷോര്‍ട്ട് ബോളിംഗിലും സ്വിംഗ് ബോളിംഗിലും ഇംഗ്ലണ്ട് മേല്‍ക്കൈ നേടുമെന്നും സച്ചിനെ കൂറ്റന്‍ സ്കോറിംഗിന് അനുവദിക്കില്ല എന്നുമാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കരുതുന്നത്. സച്ചിന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വരുത്തുന്ന പിഴവുകളും ബൌളര്‍മാര്‍ക്ക് ജോലി എളുപ്പത്തിലാക്കിയേക്കാം.

ഫീല്‍ഡ് സെറ്റിംഗിലും സച്ചിനെ ഒതുക്കാന്‍ വോഗന്റേതായ ചില നിര്‍ദ്ദേശങ്ങളുണ്ട്. മിഡ് ഓണില്‍ ഗ്യാപ്പ് ഇല്ല എന്ന് തോന്നിക്കുന്ന രീതിയിലാവണം ഫീല്‍ഡ് ഇടേണ്ടത്. മിഡ്‌വിക്കറ്റില്‍ പിടിമുറുക്കിയാല്‍ സച്ചിന്റെ ലെഗ്‌സൈഡിലെ ആക്രമണം ഫലപ്രദമായി തടയാന്‍ സാധിക്കുമെന്നും വോഗന്‍ കണക്കുകൂട്ടുന്നു.

വെബ്ദുനിയ വായിക്കുക