ആരാണ് പുലി, ഇന്ത്യയോ ഇംഗ്ലണ്ടോ?

ബുധന്‍, 20 ജൂലൈ 2011 (11:04 IST)
PRO
ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നു. പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ ഈ പരമ്പരയില്‍ ആര് ജയിക്കും? ആര്‍ക്കാണ് സാധ്യത കൂടുതല്‍? ജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീമുകളുടെ ശക്തിയെ കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തുന്നത് നന്നായിരിക്കും.

ഗംഭീര്‍, ദ്രാവിഡ്, സച്ചിന്‍, ധോണി, ലക്ഷ്മണ്‍ എന്നിങ്ങനെ കരുത്തര്‍ അണി നിരക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യന്‍ ശക്തി. ഇത്തവണ വീരേന്ദര്‍ സേവാഗിന്റെ സഹായം ഇല്ല എന്ന് ഒരു കുറവ് മാത്രമേ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കുള്ളൂ.

അതേസമയം, കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ടീമുമായാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് എത്തുന്നത്. ഇന്ത്യയ്ക്ക് ബാറ്റിംഗ് നിര എന്ന പോലെ പേസ് ബൌളിംഗ് നിരയാണ് ഇംഗ്ലണ്ടിന്റെ ശക്തി. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഗ്രെയിം സ്വാന്‍ തങ്ങളുടെ ഒപ്പമുള്ളത് ഇംഗ്ലണ്ടിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. പേസ് നിരയിലെ ട്രെം‌ലെറ്റും ആന്‍ഡേഴ്സനും ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ശക്തമായ ഭീഷണി തന്നെയാണ്.

ഇന്ത്യന്‍ ബാറ്റിംഗ് നിര എത്ര ശക്തിയുള്ളതാണെങ്കിലും പേസും ബൌണ്‍സും സ്വിംഗും സമന്വയിപ്പിച്ച ബൌളിംഗ് പലപ്പോഴും തിരിച്ചടിയായിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് ഇംഗ്ലണ്ട് പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല എങ്കില്‍ അതും ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കാം.

സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി തന്നെയാവും ഈ പരമ്പരയുടെ ശ്രദ്ധാകേന്ദ്രം. മുപ്പത്തിയെട്ടാം വയസ്സിലും റണ്‍ ദാഹത്തിന് ഒരു കുറവും ഇല്ലാത്ത മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യയുടെ ശുഭ പ്രതീക്ഷ തന്നെയാണ്. ഇംഗ്ലണ്ടില്‍ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ 65.35 റണ്‍സ് ശരാശരിയാണ് ‘വന്‍‌മതില്‍’ എന്ന വിശേഷണത്തിന് ഉടമയായ രാഹുല്‍ ദ്രാവിഡിനുള്ളത്. ഗ്യാപ്പുകള്‍ കണ്ടെത്തി കളിക്കാനുള്ള ലക്ഷ്മണിന്റെ കഴിവും ഇന്ത്യയ്ക്ക് തുണയാവും. ബോള്‍ സ്വിംഗ് ചെയ്യിക്കാനുള്ള സഹീറിന്റെ കഴിവും ഇംഗ്ലണ്ട് പിച്ചില്‍ സഹായകമാവും.

ഇന്ത്യയുടെ അത്ര വരില്ല എങ്കിലും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയും അത്ര മോശക്കാരല്ല. ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് നന്നായി ബാറ്റ് ചെയ്താല്‍ ഇംഗ്ലണ്ട് തോല്‍ക്കില്ല എന്നാണ് പൊതുവെയുള്ള വിശ്വാസം. ആഷസ് പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച അലിസ്റ്റര്‍ കുക്ക് ഇംഗ്ലണ്ടിന്റെ മുതല്‍ക്കൂട്ടാണ്. ആഷസില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 766 റണ്‍സ് ആണ് കുക്ക് നേടിയത്. കുറച്ചുകാലമായി മങ്ങിയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ കഴിഞ്ഞേക്കും. ജോനാഥന്‍ ട്രോട്ടും മികച്ച പ്രകടം കാഴ്ചവയ്ക്കുമെന്നാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷക്കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്കെതിരെ ഒരു പരമ്പര ജയിക്കാന്‍ തന്നെയാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. ആഷസ് ജയം നല്‍കിയ കരുത്തും അവര്‍ക്കൊപ്പമുണ്ടാവും. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിന്റെ മുടിചൂടാമന്നന്‍‌മാര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനായിരിക്കും ഇന്ത്യന്‍ ടീമിന്റെ ശ്രമം.

വെബ്ദുനിയ വായിക്കുക