അസിഫിന്‍റെ വിചാരണ നീതിപൂര്‍വം: പിസിബി

Webdunia
ബുധന്‍, 21 ജനുവരി 2009 (12:24 IST)
PTI
പാകിസ്ഥാന്‍റെ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് അസിഫിന് മയക്കുമരുന്ന് കൈവശം വച്ച കേസില്‍ നീതിപൂര്‍വമായ വിചാരണ നല്‍കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

കറുപ്പ് കൈവശം വച്ച കേസില്‍ ദുബായില്‍ അറസ്റ്റിലായ അസിഫ് അവിടെ 19 ദിവസം തടവിലായിരുന്നു. ഉത്തേജനത്തിനായി കറുപ്പ് ഉപയോഗിക്കാറുണ്ടെന്ന് അസിഫ് അന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സസ്പെന്‍ഷനില്‍ നില്‍ക്കുന്ന അസിഫിനെ ആജീവനാന്തം വിലക്കണമെന്ന് പിസിബിയിലെ ചില അംഗങ്ങള്‍ മുറവിളി കൂട്ടിയിരുന്നു. എന്നാല്‍, ശിക്ഷ വിധിക്കും മുമ്പ് എല്ലാവര്‍ക്കും നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കേണ്ടതുണ്ട് എന്ന് പിസിബി സി ‌ഒ‌ ഒ സലീം അത്‌ലാഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഐപി‌എല്‍ ഡ്രഗ് ട്രിബ്യൂണല്‍ അസിഫിന്‍റെ വിചാരണ ജനുവരി 24-25 തീയതികളില്‍ നടത്താനിരിക്കുകയാണ്. ഈ വിചാരണയുടെ ഫലങ്ങളും പിസിബി കണക്കിലെടുക്കും. അസിഫിനെതിരെയുള്ള കേസ് അന്വേഷിക്കുന്ന സമിതിയോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അത്‌ലാഫ് പറഞ്ഞു.