അമ്പയര്‍ റിവ്യൂ സമ്പ്രദായം ലോകകപ്പിന്

ശനി, 22 മെയ് 2010 (14:47 IST)
അമ്പയര്‍ റിവ്യൂ സമ്പ്രദായം ഒരിക്കല്‍ കൂടി പരീക്ഷിക്കാന്‍ ഐ സി സി തീരുമാനിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലായി നടക്കുന്ന 2011 ലോകകപ്പിലാണ് അമ്പയര്‍ റിവ്യൂ സമ്പ്രദായം പരീക്ഷിക്കുന്നത്. ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയുടെ വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പുതിയ സമ്പ്രദായം വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ എല്ലാ ടെസ്റ്റ് പരമ്പരകളിലും റിവ്യൂ സമ്പ്രദായം ഉപയോഗിക്കും.

നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏര്‍പ്പെടുത്തിയ അമ്പയര്‍ റിവ്യൂ സമ്പ്രദായത്തിനെതിരെ ഇംഗ്ലണ്ടിന്‍റെ മുന്‍ രാജ്യാന്തര അമ്പയര്‍ ഡിക്കി ബേഡ് രംഗത്തെത്തിയിരുന്നു. പുതിയ സമ്പ്രദായം ഫീല്‍ഡ് അമ്പയര്‍മാരുടെ പ്രാധാന്യത്തെ ഒന്നുകൂടി കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് ബേഡ് അഭിപ്രായപ്പെട്ടു. 2008ലാണ് അമ്പയര്‍ റിവ്യൂ സംവിധാനം ആദ്യമായി പരീക്ഷിച്ചത്.

അതേസമയം, റിവ്യൂ സമ്പ്രദായത്തിനെതിരെ കളിക്കാര്‍ക്കിടയിലും അമ്പയര്‍മാര്‍ക്കിടയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 2010 ആദ്യത്തില്‍ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തില്‍ റിവ്യൂ സമ്പ്രദായം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ഇതിനു പുറമെ പകല്‍ രാത്രി ടെസ്റ്റും പരീക്ഷിക്കാന്‍ പദ്ധതിയുണ്ടെന്ന് ഐ സി സി പ്രസിഡന്റ് ഡേവിഡ് മോര്‍ഗന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക