അമിനും ഐപിഎല്‍ ഓഹരിയ്ക്ക് ശ്രമിച്ചു

ശനി, 5 ജൂണ്‍ 2010 (13:01 IST)
PRO
ഐ പി എല്‍ ഓഹരിപങ്കാളിത്തതെക്കുറിച്ചുളള വിവാദങ്ങള്‍ കുടത്തില്‍ നിന്ന് തുറന്നുവിട്ട ഭൂതത്തെപ്പോലെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുന്നു. കേന്ദ്ര മന്ത്രി ശരദ് പവാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പുകയടങ്ങും മുന്‍പേ ഐ പി എല്ലിന്‍റെ താല്‍ക്കാലിക ചെയര്‍മാനായ ചിരായു അമിനാണ് പുതിയ വിവാദത്തിലെ നായകനായി രംഗപ്രവേശം ചെയ്തിരിക്കുന്നത്‍. പൂനെ ടീമിനെ സ്വന്തമാക്കാനായി രൂപീകരിച്ച സിറ്റി കോര്‍പറേഷനില്‍ അമിന്‍ അംഗമായിരുന്നുവെന്ന ലളിത് മോഡിയുടെ വെളിപ്പെടുത്തലാണ് ഓഹരി പങ്കാളിത്ത വിവാദത്തിലെ പുതിയ ബൌണ്‍സര്‍.

ഇത് അമിന്‍ അംഗീകരിച്ചിട്ടുണ്ട്. പൂനെ ഫ്രാഞ്ചൈസിയ്ക്കായുള്ള ശ്രമങ്ങളുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വ്യവസായ പ്രമുഖര്‍ തന്നെ സമീപിച്ചിരുന്നുവെന്നും ഇവരുടെ ആവശ്യപ്രകാരം താന്‍ കണ്‍സോര്‍ഷ്യത്തില്‍ അംഗമാകുകയായിരുന്നുവെന്നും അമിന്‍ പറഞ്ഞു.

കണ്‍സോര്‍ഷ്യത്തില്‍ 10 ശതമാനം ഓഹരി നിക്ഷേപിക്കാനാണ് ഞാന്‍ സമ്മതിച്ചത്. ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ക്ക് കത്തെഴുതിയിരുന്നു. ഇതുസംബന്ധിച്ച എല്ലാ നടപടികളും സുതാര്യമായിരുന്നുവെന്നും അമിന്‍ വ്യക്തമാക്കി.

പൂനെ ടീമിനെ സ്വന്തമാക്കാന്‍ വിഫലശ്രമം നടത്തിയവരില്‍ തനിക്ക് പകരം ഐ പി എല്‍ കമ്മീഷണറായ ചിരായു അമിനുമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ലളിത് മോഡി ആരോപിച്ചത്. ശരദ് പവാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. അനിരുദ്ധ ദേശ്പാണ്ഡെ, ആകൃതി, ചിരായു അമിന്‍ എന്നിവരായിരുന്നു സിറ്റി കോര്‍പറേഷനില്‍ അംഗങ്ങളായിരുന്നത്‍. മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ 1700ഓളം കോടി രൂപയ്ക്ക് സഹാറ ഗ്രൂപ്പാണ് പൂനെ ടീമിനെ സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക