അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് ആദ്യ തോല്‍‌വി

വ്യാഴം, 21 ജനുവരി 2010 (12:46 IST)
PRD
അണ്ടര്‍ 19 ലോകകപ്പില്‍ കുട്ടി ടീമുകളെ തോല്‍പ്പിച്ചെത്തിയ നിലവിലെ ചാമ്പ്യന്‍‌മാരായ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനു മുന്നില്‍ അടിതെറ്റി. 31 റണ്‍സിനാണ് ഇംഗ്ലീഷ് യുവനിര ഇന്ത്യയെ തറപറ്റിച്ചത്. സ്കോര്‍: ഇംഗ്ലണ്ട് 246/8, ഇന്ത്യ 46.4 ഓവറില്‍ 215 ഓള്‍ ഔട്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ടീമിനെ സ്റ്റോക്സിന്‍റെ (100) സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഒരു ഘട്ടത്തില്‍ 60/4 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ സ്റ്റോക്സും ജാവിദും (42) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ട് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തത് കരകയറ്റുകയായിരുന്നു. വിന്‍സ് (29)ബേറ്റ്സ് (27) എന്നിവരും ഇംഗ്ലീഷ് സ്കോര്‍ 200 കടത്താന്‍ സഹായിച്ചു.

ഇന്ത്യക്ക് വേണ്ടി നേത്രാവല്‍ക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 247 റണ്‍സിന്‍റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്കോര്‍ 36ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത കണ്ണൌര്‍ മടങ്ങി. 32 റണ്‍സെടുത്ത അഗര്‍വാളും മടങ്ങിയതോടെ തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ നിരയില്‍ മനന്‍ ശര്‍മയും (32), ഷെയ്ഖും (45), നേത്രാവല്‍ക്കറും മാത്രമേ പിന്നീട് പിടിച്ചു നിന്നുള്ളു.

മൂന്നോവറും രണ്ട് പന്തും ശേഷികകെ ഇന്ത്യന്‍ നിര കൂടാരം കയറി. ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റെടുത്ത പെയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബക്കും സ്റ്റോക്സും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. സ്റ്റോക്സ് തന്നെയാണ് കളിയിലെ കേമന്‍.

വെബ്ദുനിയ വായിക്കുക