സഞ്ജുവും സാഹയുമുണ്ട്, പന്തിന്‍റെ കാര്യം സ്വാഹ !

ദീപ്‌തി സുനില്‍
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (17:47 IST)
ടീമിലേക്ക് തിരിച്ചുവരാന്‍ ഋഷഭ് പന്തിന് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ നേടിയ ഡബിള്‍ സെഞ്ച്വറി ആ വാതില്‍ കൂടി ചേര്‍ത്തടച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഋഷഭ് പന്ത് ഏറെക്കാലം ടീമിന് പുറത്തുതന്നെ തുടരേണ്ടിവരും.
 
ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് കോഹ്‌ലി തന്നെ വാഴ്ത്തിയ വൃദ്ധിമാന്‍ സാഹ ഇപ്പോള്‍ ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ തന്‍റെ കഴിവെന്താണെന്ന് സാഹ കാണിച്ചുകൊടുക്കുകയും ചെയ്തതാണ്. തനിക്ക് വിക്കറ്റുകള്‍ കിട്ടിയത്, വിക്കറ്റിന് പിന്നില്‍ സാഹയുള്ളതുകൊണ്ടാണെന്ന് ബൌളര്‍ ഉമേഷ് യാദവ് പറയുകയും ചെയ്തു.
 
സഞ്ജു സാംസണെ ഇനിയും പുറത്തുനിര്‍ത്താന്‍ മാനേജുമെന്‍റിനും താല്‍പ്പര്യമില്ല. അതുകൊണ്ടുതന്നെ സഞ്ജു ടീമിലേക്ക് വരും. ഏകദിന - ട്വന്‍റി20 മത്സരങ്ങളില്‍ സഞ്ജുവും ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയും എന്നൊരു ഫോര്‍മാറ്റിനാണ് മാനേജുമെന്‍റ് ആലോചിക്കുന്നതെന്നാണ് സൂചന. മാത്രമല്ല, മഹേന്ദ്രസിംഗ് ധോണിയെന്ന അതികായന്‍ റിട്ടയര്‍മെന്‍റ് പ്രഖ്യാപിച്ചിട്ടില്ല. ദിനേശ് കാര്‍ത്തിക്കും ഫോമില്‍ തന്നെ തുടരുകയാണ്.
 
കിട്ടിയ അവസരങ്ങളൊക്കെ അലസമായി കളിച്ച് പാഴാക്കിയ ഋഷഭ് പന്തിന് ഇനിയൊരു മടങ്ങിവരവ് ദുഷ്‌കരമാണെന്നുതന്നെ പറയേണ്ടിവരും!. 

അനുബന്ധ വാര്‍ത്തകള്‍

Next Article