കോഹ്‌ലിയെ ലക്ഷ്യമിട്ട് ന്യൂസിലന്‍ഡ് പൊലീസ്; കളി കാര്യമാകുമോ?

Webdunia
തിങ്കള്‍, 28 ജനുവരി 2019 (13:42 IST)
ക്രിക്കറ്റ് മതമായ രാജ്യമാണ് ഇന്ത്യ. ലോകക്രിക്കറ്റിന്‍റെ ദൈവം നമ്മുടെ മണ്ണിലാണ് - സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇപ്പോള്‍ ക്രിക്കറ്റിന്‍റെ ഏത് വകഭേദത്തിലെയും ചക്രവര്‍ത്തിയും നമ്മുടെ മണ്ണില്‍ തന്നെ - വിരാട് കോഹ്‌ലി.
 
ഓസ്ട്രേലിയയെ പൊടിപോലും ബാക്കിയില്ലാതെ തകര്‍ത്തുവിട്ടതിന് ശേഷം ന്യൂസിലന്‍ഡ് ആണ് ഇപ്പോള്‍ കോഹ്‌ലിയുടെയും കൂട്ടരുടെയും തമാശ. ആദ്യ രണ്ട് ഏകദിനങ്ങളും ഈസിയായി കൈപ്പിടിയിലൊതുക്കിയ ഇന്ത്യയ്ക്ക് ന്യൂസി പിള്ളേര്‍ ഒരു വെല്ലുവിളിയേ അല്ല എന്ന് തെളിഞ്ഞുകഴിഞ്ഞു.
 
കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് പൊലീസ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പിട്ടത് വലിയ കൌതുകമുണര്‍ത്തി. രസകരമായ ഒരു നോട്ടാണ് അവര്‍ കുറിച്ചത്. “ഇവിടെ പര്യടനത്തിനെത്തിയ ഒരു വിദേശസംഘം ന്യൂസിലന്‍ഡിന് മേല്‍ കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നേപ്പിയറിലും പിന്നീട് മോണ്‍‌ഗനുയിയിലും അവര്‍ ന്യൂസിലന്‍ഡിനെ നിസഹായരാക്കിക്കളഞ്ഞു. എല്ലാവരും ജാഗ്രതയോടെയിരിക്കണം. ക്രിക്കറ്റ് ബാറ്റ്, ബോള്‍ എന്നിവയ്ക്ക് സമാനമായ വസ്തുക്കള്‍ കൈവശം കരുതുന്നവര്‍ കൂടുതല്‍ സൂക്ഷിക്കുക” - എന്നാണ് ന്യൂസിലന്‍ഡ് പൊലീസ് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
 
ട്രോളുന്നതില്‍ കേരള പൊലീസിനെ വെല്ലാന്‍ ആരുമില്ല എന്നാണ് ഇതുവരെ ഏവരും വിചാരിച്ചിരുന്നത്. എന്നാല്‍ ന്യൂസിലന്‍ഡ് പൊലീസും ഒട്ടും മോശമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ന്യൂസിലന്‍ഡിന്‍റെ പ്രകടനത്തില്‍ നിരാശരായ പല ന്യൂസി മുന്‍ താരങ്ങളും പക്ഷേ പൊലീസിന്‍റെ ഈ കളിയില്‍ രസം പിടിച്ചിട്ടുണ്ട്.
 
പൊലീസിന്‍റെ ട്രോളിനോട് “വളരെ ബുദ്ധിപരമായിരിക്കുന്നു” - എന്ന് മുന്‍ താരം സ്കോട്ട് സ്റ്റൈറിസ് പ്രതികരിച്ചത് ശ്രദ്ധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article