ധോണിയില്‍ നിന്ന് കളിപഠിച്ച ദിനേശ് കാര്‍ത്തിക് ഇപ്പോള്‍ ധോണിക്ക് ഭീഷണി?!

ചൊവ്വ, 20 മാര്‍ച്ച് 2018 (18:16 IST)
ഇന്ത്യയുടെ സൂപ്പര്‍നായകന്‍ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്ന് ക്രിക്കറ്റ് കളിയുടെ രഹസ്യപാഠങ്ങള്‍ പഠിച്ച താരമാണ് ദിനേശ് കാര്‍ത്തിക്. ധോണി കളിയുടെ മൂന്ന് വകഭേദത്തിലും നിറഞ്ഞുനിന്ന സമയത്ത് പിന്നിലേക്ക് പോകേണ്ടിവന്ന പ്രതിഭാധനന്‍. പക്ഷേ, ഇപ്പോള്‍ ധോണിക്ക് വെല്ലുവിളിയായി ഇന്ത്യന്‍ ടീമിന്‍റെ നട്ടെല്ലായി മാറാനൊരുങ്ങുന്നു. ജീവിതം പോലെ തന്നെയാണ് ക്രിക്കറ്റ്, ഏത് നിമിഷവും എന്തും സംഭവിക്കാം.
 
ഫോം സ്ഥിരമായി നിലനിര്‍ത്തുക എന്നതില്‍ ദിനേശ് കാര്‍ത്തിക്കിന് കാലിടറിയപ്പോള്‍ ടീമില്‍ അവിഭാജ്യഘടകമല്ലാതായി മാറി അദേഹം. ധോണി വാണരുളുന്ന കാലം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എപ്പോഴും ധോണിയുടെ നിഴലില്‍ മാത്രം ഒതുങ്ങി. വല്ലപ്പോഴും വെള്ളിവെളിച്ചം പോലെ ഓരോ പ്രകടനങ്ങള്‍.
 
അവസരം കിട്ടിയതിന്‍റെ കണക്കെടുത്ത് നോക്കിയാലറിയാം, മറ്റുപലരും പരിഗണിക്കപ്പെട്ടതുപോലെ ദിനേഷ് കാര്‍ത്തിക് ഒരിക്കലും പരിഗണിക്കപ്പെട്ടിരുന്നില്ല. കിട്ടിയ അവസരങ്ങളെല്ലാം ഫലപ്രദമായി വിനിയോഗിക്കാനും കാര്‍ത്തിക്കിന് കഴിഞ്ഞില്ല. പക്ഷേ ആ ദൌര്‍ഭാഗ്യങ്ങളെല്ലാം ഒരൊറ്റക്കളി കൊണ്ട് ദിനേശ് കാര്‍ത്തിക്ക് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഈ മടങ്ങിവരവിനുമുണ്ട് ആ ധോണി സ്റ്റൈല്‍. മിന്നല്‍പ്പിണര്‍ പോലെ, ആരും പ്രതീക്ഷിക്കാതെ.
 
അവസാന പന്തില്‍ സിക്സര്‍ പായിച്ച് കിരീടവിജയം നേടുക എന്ന അതിമാനുഷ പ്രവൃത്തി ധോണിക്ക് മാത്രം കഴിയുന്നതാണ് എന്ന വിശ്വാസം തകര്‍ക്കാന്‍ കാര്‍ത്തിക്കിന്‍റെ ആ പവര്‍ഷോട്ടിന് കഴിഞ്ഞു. അവസാന ഓവറുകളില്‍ ധോണിയുടെ തകര്‍പ്പനടികള്‍ കണ്ട് ആരാധന കയറുകയും അതിന്‍റെ ടെക്നിക്കുകള്‍ പഠിച്ചെടുക്കുകയും ചെയ്ത കാര്‍ത്തിക് ഇനി ധോണിക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. 
 
നിലവില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ധോണിയെ പിന്നിലാക്കി ഇന്ത്യന്‍ ടീമിന്‍റെ പുത്തനുണര്‍വ്വായി മാറാന്‍ ദിനേശ് കാര്‍ത്തിക്കിന് കഴിയുമോ? ധോണിക്ക് മാത്രമല്ല, സഞ്ജു സാംസണും പാര്‍ഥിവ് പട്ടേലും ഋഷഭ് പന്തും ഉള്‍പ്പെടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍‌മാര്‍ക്കൊക്കെ ദിനേശ് കാര്‍ത്തിക്കിന്‍റെ പുതിയമുഖം പേടിസ്വപ്നമാകുമെന്നുറപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍