ഒരു റൺ അകലെ സെഞ്ച്വറി, ഭാഗ്യം തുണച്ചില്ല; 99 ൽ വീണവരുടെ കണക്കുകളിങ്ങനെ

അനു മുരളി

ശനി, 28 മാര്‍ച്ച് 2020 (14:04 IST)
99 എത്തി നിൽക്കുമ്പോൾ ബാറ്റ്സ്മാനും ബൗളർക്കും കാണികൾക്കും ഒരുപോലെ നെഞ്ചിടിക്കാറുണ്ട്. 99 വെച്ച് പുറത്തായവരുമുണ്ട്. അത്രയും നിർഭാഗ്യവാൻ വേറെ ആരുണ്ടാകും?. സെഞ്ച്വറിക്ക് ഒരു റൺ അകലെ വെച്ച് പുറത്താവുകയെന്നത് ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളവും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. 
 
90കളിൽ എത്തിയാൽ പിന്നെ സെഞ്ച്വറി മാത്രം ലക്ഷ്യമിട്ട് മുട്ടിമുട്ടി കളിക്കുന്ന ശൈലി ആയിരുന്നു പണ്ടൊക്കെ. എന്നാൽ ആക്രമണോത്സുകത ക്രിക്കറ്റും ടി20യും ഒക്കെ വന്നതോടെ 90കളിൽ ഫോറും സിക്സും ഒക്കെ അടിച്ച് പറത്തി സെഞ്ച്വറിയിലേക്ക് മാസ് യാത്ര നടത്തുന്നവരുടെ തലമുറയാണിത്.
 
ലോകക്രിക്കറ്റിൽ 99ൽ വെച്ച് പുറത്തായവരുടെ കണക്കുകൾ ഏറെ രസകരമാണ്. ഏറ്റവും കൂടുതൽ സെഞ്ച്വറിയുമായി മുന്നിൽ നിൽക്കുന്നത് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ തന്നെ ആണ് ഏറ്റവും കൂടുതൽ തവണ 99ൽ പുറത്തായതും. മൂന്ന് തവണയാണ് സച്ചിൻ 99ൽ പുറത്തായിട്ടുള്ളത്. മൂന്ന് തവണയും ഏകദിനത്തിലാണ് സച്ചിൻ 99 റൺസിൽ പുറത്തായിട്ടുള്ളത്. 
 
അരങ്ങേറ്റത്തിൽ തന്നെ 99 റൺസെടുത്ത് പുറത്തായവരുമുണ്ട്. ഏറ്റവും ഉയർന്ന സ്കോർ 99 ഉള്ളവരുമുണ്ട്. ഈ പട്ടികയിലാണ് ഓസ്ട്രേലിയയുടെ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. ടെസ്റ്റിൽ വോണിന്റെ ഉയർന്ന സ്കോർ 99 ആണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷേ, അതാണ് യാഥാർത്ഥ്യം. ആകെ ടെസ്റ്റിൽ 3154 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറി പോലും നേടാതെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിൽ തന്നെ. 
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ 17 താരങ്ങളുടെ ഉയർന്ന സ്കോർ 99 ആണ്. ഇതിൽ മൂന്ന് വനിതാതാരങ്ങളും ഉൾപ്പെടും. 99 റൺസുമായി പുറത്താവാതെ നിന്നവരും ഇക്കൂട്ടത്തിലുണ്ട്.  ഓസ്ട്രേലിയയുടെ ആർതർ ചിപ്പർഫീൽഡാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ 99 റൺസെടുത്ത് പുറത്തായ ആദ്യതാരം. ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ അരങ്ങേറ്റ മത്സരത്തിൽ തന്നെ 99 റൺസെടുത്താണ് പുറത്തായത്. ആകെ 5 താരങ്ങൾ അരങ്ങേറ്റത്തിൽ 99 റൺസിൽ പുറത്തായിട്ടുണ്ട്.
 
ടെസ്റ്റിൽ 99 മത്സരത്തോടെ കരിയർ അവസാനിപ്പിച്ച ലോകക്രിക്കറ്റിലെ ഒരേയൊരു താരം മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ്. ടി20യിൽ മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയും 99 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അദ്ദേഹം ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍