83 ലോകകപ്പ്: പ്രസരിപ്പിന്‍റെ കനല്‍

PROPRO
പ്രുഡന്‍ഷ്യല്‍ കപ്പ്! അതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര തന്നെ മാറ്റിയ വിപ്ലവത്തിന്‍റെ പേര്. അതൊരു യുവത്വത്തിലേക്കുള്ള യാത്രയായിരുന്നു. ദശകങ്ങള്‍ പഴക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് പ്രസരിപ്പിന്‍റെ കാലത്തേക്ക് നടത്തിയ യാത്ര. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ കപില്‍ദേവെന്ന നായകനു കീഴിലായിരുന്നു ഇന്ത്യ യാത്ര തുടങ്ങിയത്.

ഇംഗ്ലണ്ടിലെ ലോര്‍‌ഡ്സില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലെയുള്ള മഹാരഥന്‍‌മാരുടെ ടീമിനെ വരിഞ്ഞു കെട്ടി ഇന്ത്യ ലോകകപ്പ് ചരിത്രത്തില്‍ ഇടം പിടിച്ചത് 25 വര്‍ഷം മുമ്പ് ജൂണ്‍ 25 നായിരുന്നു. അതിന് അനുസൃതമായി തന്നെ പിറ്റേ വര്‍ഷം രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായി സ്ഥാനമേറ്റു.

ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതമായി മാറിയെങ്കില്‍, താരങ്ങള്‍ ദൈവങ്ങള്‍ക്ക് തുല്യമാകുന്നെങ്കില്‍ അതിനു കാ‍രണം 1983 ലെ ഇന്ത്യയുടെ വിജയം നല്‍കുന്ന വീര്യം തന്നെ. കണക്കുകളുടെ കഥകള്‍ ഇല്ലാതെ കപില്‍ദേവെന്ന 24 വയസ്സ് മാത്രമുള്ള നായകനു കീഴില്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ എത്തുമ്പോള്‍ ടീമിലെ ഏഴു പേരോളം ഇരുപതുകളില്‍ ആയിരുന്നു.

കളിക്കാനെത്തുമ്പോള്‍ ആരും കരുതിയില്ല ഇന്ത്യ ചാമ്പ്യന്‍‌മാരാകുമെന്ന്. പക്ഷേ ടീം യുവത്വത്തിന്‍റെ പ്രസിരിപ്പ് കാട്ടി. ക്രിക്കറ്റിലെ ഭീമന്‍‌മാരായ വിന്‍ഡീസിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ കപ്പ് മോഹമാണ് അന്ന് ഇന്ത്യന്‍ കരുത്തന്‍‌മാര്‍ക്ക് മുന്നില്‍ ചിതറിപ്പോയത്. അതിനും 53 വര്‍ഷം മുമ്പ് 1932 ല്‍ ഇതേ ദിനത്തിലാണ് ഇന്ത്യ ടെസ്റ്റില്‍ അരങ്ങേറിയത് എന്ന കാര്യം തികച്ചും യാദൃശ്ചികമായിരുന്നു.

വെറും എട്ട് ടീമുകള്‍ മാത്രം കളിച്ച 1983 ലോകകപ്പില്‍ കളിക്കാനെത്തുമ്പോള്‍ ഇന്ത്യ ക്രിക്കറ്റിലെ കുട്ടികളായിരുന്നു. എന്നാല്‍ നിശ്ചയ ദാര്‍ഡ്യത്തിലൂടെ വിജയം വരച്ചു ചേര്‍ത്ത ഇന്ത്യ ഓസ്ട്രേലിയ, ഇംഗ്ലണ്ട് പോലെയുള്ള ക്രിക്കറ്റിലെ കാരണവന്‍‌മാരെയും ഞെട്ടിച്ചു കളഞ്ഞു. സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കുതിച്ചത്.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് 183 റണ്‍സ് എടുത്ത ഇന്ത്യ വിന്‍ഡീസിനെ ഒതുക്കിയത് 140 റണ്‍സിനായിരുന്നു. 43 റണ്‍സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്കായി മെച്ചപ്പെട്ട സ്കോര്‍ നേടിയ ഏകയാള്‍ ശ്രീകാന്തായിരുന്നു. 36 റണ്‍സ്. ശ്രീകാന്തിനു പിന്നില്‍ 27 റണ്‍സ് എടുത്ത സന്ദീപ് പാട്ടിലും 26 റണ്‍സ് എടുത്ത മൊഹീന്ദര്‍ അമര്‍നാഥും ദുര്‍ബ്ബലമല്ലാത്ത ബാറ്റിംഗ് നടത്തി. 183 റണ്‍സിനു ചിതറിപ്പോയ ഇന്ത്യ ബൌളിംഗില്‍ നടത്തിയത് മാജിക്.

PROPRO
ഓപ്പണര്‍ ഗ്രീനിഡ്ജിനെ ഒരു റണ്‍സിനു പറഞ്ഞുവിട്ട സന്ധു നല്‍കിയ തുടക്കം ഇന്ത്യ മുതലെടുത്തു. മദന്‍ലാലിന്‍റെ മൂന്ന് വിക്കറ്റുകളും മാന്‍ ഓഫ് ദിമാച്ചായ മൊഹീന്ദര്‍ അമര്‍നാഥിന്‍റെ രണ്ട് വിക്കറ്റും തകര്‍പ്പന്‍ അടിക്കാരന്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെ പുറത്താക്കാന്‍ കപിലും ബാക്കസിനെ പിടിച്ച കിര്‍മാണി നടത്തിയ ഡൈവുമെല്ലാം ചരിത്രത്തിന്‍റെ ഭാഗമായത് അങ്ങനെയായിരുന്നു. ടൂര്‍ണമെന്‍റില്‍ 18 വിക്കറ്റെടുത്ത ബിന്നി മികച്ച വിക്കറ്റ് വേട്ടക്കാരനുമായി.

ലോകകപ്പ് ജയിക്കുന്നതിനു മുമ്പ് ഇന്ത്യ വെറും 40 ഏകദിനങ്ങള്‍ മാത്രം കളിച്ച പരിചയ സമ്പന്നതയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ലോകകപ്പ് ജയിക്കുന്നതിനു 72 ദിവസം മുമ്പ് തന്നെ തങ്ങളെ നിസ്സാ‍രരാക്കി കാണരുതെന്ന് ഇന്ത്യ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ച് 29 ന് ഗയാനയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ ഇന്ത്യ തോല്‍പ്പിച്ചു.

ഗവാസ്ക്കര്‍ ആദ്യമായി അര്‍ദ്ധ ശതകം തികച്ച മത്സരമായിരുന്നു ഇത്. ട്വന്‍റി 20 കണ്ടു പിടിക്കപ്പെട്ടിട്ടില്ലായിരുന്ന കാലത്ത് സമാന ശൈലിയില്‍ ബാറ്റിംഗ് നടത്തിയ കപിലും സുനില്‍ ഗവാസ്ക്കറുമായിരുന്നു ഈ മത്സരത്തിലെ ശ്രദ്ധേയര്‍. 90 റണ്‍സിനു പുറത്തായ ഗവാസ്ക്കര്‍ 50 റണ്‍സ് എടുക്കാന്‍ ഉപയോഗിച്ചത് 52 പന്തുകളായിരുന്നു. കപില്‍ 38 പന്തില്‍ 72 റണ്‍സും നേടി. വിന്‍ഡീസിനെ വീഴ്ത്തി ആയിരുന്നു ഇന്ത്യ ലോകകപ്പ് തുടങ്ങിയതും.

എന്നാല്‍ ആദ്യ മത്സരത്തിലെ വിജയം വെറും ഫ്ലൂക്കല്ലെന്നതിന്‍റെ തെളിവായിരുന്നു ഫൈനലില്‍ കണ്ടത്. അതിനു മുമ്പ് നടന്ന മത്സരങ്ങളില്‍ ഓസ്ട്രേലിയയോട് ഒരു തവണ തോല്‍ക്കുകയും ഒരു തവണ തോല്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനൊക്കെ അപ്പുറത്ത് സിംബാബ്‌വേയ്‌ക്കെതിരെയുള്ള മത്സരമായിരുന്നു ഇന്ത്യയുടെ കരുത്തറിയിച്ചത്. 17 റണ്‍സിന് 5 വിക്കറ്റ് നഷ്ടമായിടത്തു നിന്നും ഇന്ത്യന്‍ നായകന്‍ കപില്‍ദേവ് നേടിയ 175 ന്‍റെ പിന്‍ബലത്തില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ കുറിച്ചത്. അതൊരു തീയായി ലോകകപ്പില്‍ ഉടനീളം ഇന്ത്യന്‍ യുവനിര അന്ന് സൂക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കനല്‍ ഏറ്റുവാങ്ങിയാണ് ഇന്ത്യന്‍ ടീം പ്രഥമ ട്വന്‍റി ലോകകപ്പ് വരെ സ്വന്തം ഷോക്കേസില്‍ എത്തിച്ചതും.