ലോകകപ്പ്: ഇന്ത്യയോ ലങ്കയോ അതോ ഓസീസോ?

വ്യാഴം, 8 ഡിസം‌ബര്‍ 2011 (19:30 IST)
PRO
ഇനി ദിവസങ്ങള്‍ മാത്രം. അങ്കത്തട്ടിലേക്കിറങ്ങാന്‍ ടീമുകള്‍ കച്ചകെട്ടിക്കഴിഞ്ഞു. ആരാകും ലോക ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിടുക? ഇന്ത്യയോ ശ്രീലങ്കയോ അതോ വീണ്ടും കങ്കാരുപ്പട തന്നെയോ ? ഏകദിനക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന പഴമൊഴി മറക്കുന്നില്ല. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിശകലനം മാത്രമേ സാധ്യമാകൂ.

ഇന്ത്യയുടെ രണ്ടാം ലോകകിരീടമെന്ന സ്വപ്നം ഇത്തവണ പൂവണിയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടല്‍. ശ്രീലങ്കയും കിരീടസാധ്യതയുള്ള ടീമാണ്. ഈ രണ്ടുടീമുകളെയും മാറ്റി നിര്‍ത്തിയാല്‍ ഓസീസിനാണ് സാധ്യത. ഇംഗ്ലണ്ടും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകള്‍ തന്നെ. കിരീടസാധ്യതയുള്ള അഞ്ച് ടീമുകളെ യഥാക്രമം വിലയിരുത്തുകയാണ് ഇവിടെ.

അടുത്ത പേജില്‍ “കറുത്ത കുതിരകളാകാന്‍ ഇംഗ്ലണ്ട്; പ്രതിച്ഛായ നന്നാക്കാന്‍ പാകിസ്ഥാന്‍”



PRO
ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത് രണ്ട് ടീമുകളാണ്. ഇംഗ്ലണ്ടും പാകിസ്ഥാനും. ലോകകപ്പില്‍ കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള ടീമാണ് ഇംഗ്ലണ്ട്. സമീകാലത്തെ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ മുന്നേറിയേക്കും. പീറ്റേഴ്സണ്‍, ബെല്‍ തുടങ്ങിയവരൊക്കെ മികച്ച ഫോമിലാണ്. ഒത്തിണക്കമുള്ള ടീമാണെന്നതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ മേന്‍‌മ. കുട്ടിക്രിക്കറ്റിലെ ലോകചാമ്പ്യന്‍‌മാരായ ഇംഗ്ലണ്ട് ലോകകിരീടം ചൂടിയാല്‍ അദ്ഭുതപ്പെടാനില്ല.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ലോകകപ്പ് മത്സരങ്ങളെന്നതാണ് പാകിസ്ഥാന് സാധ്യത നല്‍കുന്നത്. ആതിഥേയ ടീമുകള്‍ക്കുള്ള ആനുകൂല്യം പാക്സിഥാനും ലഭിക്കും. മികച്ച സ്പിന്നര്‍മാരും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള ബാറ്റ്സ്മാന്‍‌മാരുമുള്ള ടീമാണ് പാകിസ്ഥാന്റേത്. ലോകകപ്പില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്താന്‍ പാകിസ്ഥാന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തരകലഹങ്ങളും കോഴവിവാദങ്ങളും അലട്ടുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ കഴിവുള്ള താരങ്ങള്‍ പാക് ടീമിലുണ്ട്. അഫ്രീദി, റസാഖ് തുടങ്ങിയ ബാറ്റുകൊണ്ടും പന്തുകൊണ്ടും കളി ജയിപ്പിക്കാനറിയാവുന്ന താരങ്ങള്‍ തന്നെയാണ് പാകിസ്ഥാന്റെ കരുത്ത്.

അടുത്ത പേജില്‍ വായിക്കുക “ദക്ഷിണാഫ്രിക്ക തന്നെ ഏകദിന ടീം”

PRO
ഏകദിനമത്സരങ്ങള്‍ക്ക് അനുയോജ്യമായ ഒരുകൂട്ടം താരങ്ങളുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. സാധ്യതയില്‍ നാലാം സ്ഥാനം ഇവര്‍ക്കാണ്. കാലിസ്, ആം‌ല, ഡിവിലിയേഴ്സ്, ഡുമിനി, മോര്‍ക്കല്‍ തുടങ്ങിയവരൊക്കെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ നിലവില്‍ പിന്നിലാണെങ്കിലും സമീപകാലത്ത് ദക്ഷിണാഫ്രിക്ക ഏകദിനക്രിക്കറ്റില്‍ മികച്ച ഫോമിലാണ്. ബാറ്റുകൊണ്ടും ബുദ്ധികൊണ്ടും കളിക്കാനറിയാവുന്ന ക്യാപ്റ്റന്‍ ഗ്രെം സ്മിത്തും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തേകുന്നു.

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ വെല്ലുവിളി അവരെ ശാപം പോലെ പിന്തുടരുന്ന പ്രശ്നം തന്നെ. പ്രാഥമിക റൌണ്ടുകളില്‍ മികച്ച പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്ക ആവശ്യഘട്ടങ്ങളില്‍ പരാജയപ്പെടുന്നതാണ് അവരെ അലട്ടുന്ന പ്രധാനപ്രശ്നം. ലോകകപ്പ് ടീമില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്രമാത്രം തിളങ്ങുമെന്ന് കണ്ടറിയണം. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍‌മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.

അടുത്ത പേജില്‍ വായിക്കുക “പ്രൊഫഷണലിസത്തിന്റെ മികവില്‍ ഓസീസ്”

PRO
പ്രതാപം തിരിച്ചുപിടിക്കാന്‍ കച്ച കെട്ടുന്ന ടീമാണ് ഓസീസ്. പ്രൊഫഷണലിസത്തിന്റെ മികവാണ് കങ്കാരുക്കളെ കിരീട സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ പെടുത്തുന്നത്. സാധ്യതാ ലിസ്റ്റില്‍ ഇവര്‍ക്ക് സ്ഥാനം മൂന്ന്. സമീപകാലത്ത് മോശം പ്രകടനമാണെങ്കിലും പ്രതിസന്ധികളെ പെട്ടെന്ന് അതിജീവിക്കുന്ന ടീമാണ് ഓസീസെന്നത് കണക്കിലെടുക്കുമ്പോള്‍ കിരീട സാധ്യത വര്‍ദ്ധിക്കുന്നു. ലോകകപ്പ് പോലുള്ള വന്‍ ടൂര്‍ണമെന്റില്‍ മികവ് പുലര്‍ത്തുന്നവരാണ് ഇവര്‍.

വാട്സണ്‍, മൈക്ക് ഹസി, ക്ലാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ മാച്ച് വിന്നര്‍മാരുടെ സാന്നിധ്യവും ഓസീസിനുണ്ട്. ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും ഏതു നിമിഷവും തിരിച്ചു വരാവുന്ന താരമാണ് പോണ്ടിംഗ്. ആഷസ് ടെസ്റ്റിലെ പരാജയം തളര്‍ത്തിയിട്ടുണ്ടെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനറിയാവുന്ന ക്യാപ്റ്റനാണ് പോണ്ടിംഗ്. പേസ് നിരയില്‍ ലീ തിരിച്ചുവന്നതും ഓസീസിന് കരുത്തേകും. ഇങ്ങനെ നോക്കുമ്പോള്‍ ഓസീസ് നാലാം കിരീട നേട്ടത്തിലെത്തിയാലും അതിശയപ്പെടാനില്ല.

കിരീടസാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ ഓസീസിനെ മൂന്നാമതാക്കുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. ഇതിഹാസതാരങ്ങള്‍ കൂട്ടത്തോടെ വിരമിച്ചപ്പോള്‍ യഥാര്‍ഥ പകരക്കാരെ കണ്ടെത്താനായില്ലെന്നതാണ് അവരുടെ പ്രധാനപ്രശ്നം. സ്പിന്നര്‍മാര്‍ക്കെതിരെ ഓസീസിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നതും കിരീട സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. നിലവിലെ മോശം പ്രകടനവും കങ്കാരുക്കള്‍ക്ക് തിരിച്ചടിയാകുന്നു.

അടുത്ത പേജില്‍ വായിക്കുക “സ്പിന്നിന്റെ കരുത്തുമായി ശ്രീലങ്ക”

PRO
ലോകകപ്പ് കിരീടം നേടാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീമാണ് ശ്രീലങ്ക. ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ തിളങ്ങാനുള്ള കഴിവാണ് ശ്രീലങ്കയുടെ പേരും ഉയര്‍ന്ന് കേള്‍പ്പിക്കുന്നത്. ഇന്ത്യയെപ്പോലെ തന്നെ സ്പിന്നിനെതിരെ കളിക്കാനറിയുന്ന ബാറ്റ്സ്മാന്മാരുള്ള ടീമാണ് ലങ്കയും. സ്ഥിരതായര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന കുമാര്‍ സംഗക്കാരയും ജയവര്‍ദ്ധനയുമെല്ലാം മാച്ച് വിന്നര്‍മാര്‍ തന്നെയാണ്.

ശ്രീലങ്കയ്ക്കുള്ള മറ്റൊരു അനുകൂല ഘടകം ലോകോത്തര സ്പിന്‍ ബൌളര്‍മാരുടെ സാന്നിധ്യമാണ്. അനുഭവസമ്പത്തുള്ള മുരളീധരനൊപ്പം അജന്ത മെന്‍ഡീസ് കൂടി ചേരുമ്പോള്‍ വിദേശ ബാറ്റ്സ്മാന്‍‌മാര്‍ വെള്ളം കുടിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനത്തിന്റെ പിന്‍‌ബലമുള്ള മെന്‍ഡീസിനെ നേരിടാന്‍ അന്യനാട്ടുകാര്‍ ഇനിയും പഠിച്ചിട്ടില്ല. ബോളും ബാറ്റും കൊണ്ട് ഒരുപോലെ കളി ജയിപ്പിക്കാനറിയാവുന്ന ലങ്ക തന്നെയാണ് കിരീട സാധ്യതയില്‍ രണ്ടാമത്.

അടുത്ത പേജില്‍ വായിക്കുക “സച്ചിന്റെ ബാറ്റിലേറി ഇന്ത്യ”

PRO
ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ് ഇന്ത്യ. സ്വന്തം ഗ്രൌണ്ടിലാണ് മത്സരങ്ങള്‍ എന്നതു തന്നെ ഇന്ത്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സ്വന്തം നാട്ടില്‍ ഒരു ഏകദിന പരമ്പര പോലും തോല്‍ക്കാത്ത ടീമാണ് ഇന്ത്യ. മികച്ച ഫോമിലുള്ള ഇന്ത്യയുടെ തുറുപ്പുചീട്ട് ഇത്തവണയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. കാലം കഴിയുന്തോറും സച്ചിന്റെ റണ്‍ദാഹം ഏറുകയാണ്. ലോകകപ്പ് മത്സരങ്ങളില്‍ മികച്ച ഫോം പ്രകടിപ്പിക്കുന്ന സച്ചിന്‍ ഇത്തവണ രാജ്യത്തിന് കിരീടം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ആക്രമണകാരിയായ സെവാഗിന്റെ സാന്നിധ്യവും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മാറ്റുകൂട്ടുന്നു. സച്ചിനൊപ്പം സെവാഗും ചേരുമ്പോള്‍ ബാറ്റിംഗ് പുലികള്‍ ഇന്ത്യ തന്നെയാകും. ഫോമിലല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും പുലിയാകാവുന്ന താരമാണ് യുവരാജ്. സ്ഥിരത പുലര്‍ത്തുന്ന ഗംഭീറും കൂടി ഉള്‍പ്പെടുന്ന ഇന്ത്യ തന്നെയാകും ലോകകപ്പിലെ ഏറ്റവും വലിയ റണ്‍ദാഹികള്‍.

ഇന്ത്യക്ക് അനുകൂലമാകുന്ന മറ്റൊരു പ്രധാനഘടകം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. ലോകത്തിലെ മികച്ച സ്പിന്നര്‍മാരുള്ള ടീമാണ് ഇന്ത്യ. അതുപോലെ തന്നെ സ്പിന്നിനെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനറിയാവുന്നവരും ഇന്ത്യക്കാരാണ്. സ്പിന്‍ ബൌളര്‍ ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ്. സച്ചിന്‍, സെവാഗ്, യുവരാജ് തുടങ്ങിയവരും ബോള്‍ കൊണ്ട് മായാജാലം കാട്ടുന്നവരാണ്. സഹീര്‍ ഖാന്‍ നയിക്കുന്ന പേസ് പടയുടെ ഫോമും ഇന്ത്യന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ധോണിയെന്ന ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍ ലോകകിരീടം ഇന്ത്യ നേടാനുള്ള സാധ്യത ഏറെയാണ്.

അടുത്ത പേജില്‍ വായിക്കുക “എങ്കിലും പ്രവചനങ്ങള്‍ക്കപ്പുറത്ത്”

PRO
കിരീടസാധ്യത ഇല്ലെങ്കിലും ബംഗ്ലാദേശ് ലോകകപ്പില്‍ നിര്‍ണ്ണായക സാന്നിധ്യമാകും. സ്വന്തം നാട്ടിലാ‍ണ് മത്സരമെന്നത് ബംഗ്ലാദേശിന് ഗുണകരമാകും. പാകിസ്ഥാനെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ച ചരിത്രമുള്ള ബംഗ്ലാദേശ് സെമി വരെ മുന്നേറിയാലും അതിശയിക്കാനില്ല. നല്ല താരങ്ങളുണ്ടെങ്കിലും പെര്‍ഫോം ചെയ്യാനാകാത്ത അവസ്ഥയിലാണ് ന്യൂസിലന്‍ഡ്. മികച്ച ഫോം കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്ന മറ്റൊരു ടീം വെസ്റ്റ്‌ ഇന്‍ഡീസാണ്.

തുടക്കത്തില്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ്- ഏകദിനക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. ലോകകപ്പ് ടൂര്‍ണമെന്റില്‍ ആ ഒരു മാസം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്ന ടീമിന് മാത്രമേ വിജയകിരീടം ചൂടാനാകു. അതിന് കായിക മികവിനൊപ്പം മാനസികബലം കൂടി വേണം; അല്‍പ്പം ഭാഗ്യവും. അന്തിമവിജയി ആരെന്നറിയാന്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ‍...

(ക്രിക്കറ്റ് ലോകകപ്പ് ട്രോഫി മുംബൈയില്‍ എത്തിയപ്പോള്‍ എടുത്ത പടം)

വെബ്ദുനിയ വായിക്കുക