പാക്ക് പരാജയം: ഉത്തരവാദി ഇന്‍സമാം

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ക്യാപറ്റന്‍ ഇന്‍സ്മാം ഉള്‍ ഹക്കിനാണെന്ന് ഇതെ കുറിച്ച് പഠിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച മൂന്നംഗ സമതി കണ്ടെത്തി.പാക്കിസ്ഥാന്‍റെ മുന്‍ ടെസ്റ്റ് താരം ഇജാസ് ബട്ടിന്‍റെ നേതൃത്വത്തിലുള്ള സമതി വ്യാഴാഴ്ചയാണ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്.

ഇന്‍സമാമിന്‍റേത് തീരെ ദുര്‍ബലമായ നേതൃത്വമായിരുന്നുവെന്ന് സമതി അഭിപ്രായപെട്ടു. അന്തര്‍മുഖനായിരുന്ന ഇന്‍സമാം ഏകധിപത്യപരമായാണ് പെരുമാറിയതെന്നും അന്വേഷണസംഘം കുറ്റപെടുത്തുന്നു.മുന്നില്‍ നിന്ന് നയിക്കാന്‍ ഇന്‍സമാമിന് കെല്‍പ്പില്ലായിരുന്നു. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ദുര്‍ബലനായിരുന്നതിനാല്‍ പൂര്‍ണമായും ഇന്‍സ്മാമിന്‍റെ താല്പര്യ പ്രകാരമുള്ള ടീമിനെയാണ് തിരഞ്ഞെടുത്തത്.കഴിഞ്ഞ ഒരുവര്‍ഷമായി ഇന്‍സമാമിന് ഏകദിനങ്ങള്‍ കളിക്കാനുള്ള കായികക്ഷമത ഉണ്ടായിരുന്നോ എന്ന് സംശയമാണെന്നും അന്വേഷണ സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ ഉള്ള അപ്രതീക്ഷിത പരാജയത്തിനും തുടര്‍ന്ന് ടൂര്‍ണ്ണമെന്‍റില്‍ നിന്നുള്ള പുറത്താകലിനും ശേഷം ഇന്‍സ്മാം ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ ഇന്‍സമാമിനെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കേണ്ടെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണ സമതിയുടെ അഭിപ്രായം കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ ഫലത്തില്‍ ഇന്‍സ്മാമിന്‍റെ അന്തര്‍ദേശിയ ക്രിക്കറ്റ് ജീവിതം അവസാനിക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക