നാണക്കേടിന്‍റെ 'ശ്രീ"

FILEFILE
ചിരഞ്ജീവിയെന്നു പേരുള്ളയാള്‍ മരിക്കാതിരിക്കില്ല. സുശീലന്‍ നല്ല ശീലം ഉള്ളവന്‍ ആവണമെന്നുമില്ല. അതുകൊണ്ടു തന്നെ ശ്രീശാന്തിന്‍റെ വാക്കിലും പ്രവൃത്തിയിലും ശ്രീത്വം വേണമെന്ന് നമുക്ക് ശഠിക്കാനാവില്ല.

ശ്രീശാന്തിനോട് നമുക്ക് പൊറുക്കാം. ഇപ്പോള്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്നത് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറോ ബംഗാള്‍ കടുവ സൗരവ് ഗാംഗുലിയോ വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡോ പുതിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയോ അല്ല.

അഗ്രസീവ് എന്ന വാക്കിന് മറ്റൊരു തലം നല്‍കിയ, കേരളത്തിലെ കാണികളുടെ ആരാധന കഴിഞ്ഞ ദിവസം കൂവലായി ഏറ്റുവാങ്ങിയ, മാച്ച് ഫീസിന്‍റെ ഒരു വിഹിതം സ്ഥിരമായി പിഴ ഒടുക്കുന്ന ഇന്ത്യയുടെ മലയാളി പേസര്‍ ശ്രീശാന്താണ് ഇന്നു ശ്രദ്ധാകേന്ദ്രം.

ക്രിക്കറ്റ് മാന്യന്‍‌മാരുടെ കളിയൊന്നുമല്ല. ഗ്രെഗ് മാത്യൂസ്, ഷെയിന്‍ വോണ്‍ തുടങ്ങിയ ഓസീസ് താരങ്ങള്‍ ചീത്തക്കുട്ടികളുടെ ലിസ്റ്റില്‍ പെട്ടവരായിരുന്നു. പാക്, ഇംഗ്ളീഷ് കളിക്കാരും ഇക്കാര്യത്തില്‍ മോശക്കാരല്ല. ഇവരെയെല്ലാം കടത്തിവെട്ടുന്ന 'പ്രകടന"മാണ് ശ്രീശാന്ത് കാഴ്ചവയ്ക്കുന്നത്.

അഗ്രസീവ് ആവാതെ തന്‍റെ കളി പുറത്തു വരില്ലായെന്നാണ് ശ്രീശാന്തിന്‍റെ പ്രധാന പരാതി. കളിക്കളത്തില്‍ ശ്രീശാന്ത് കാട്ടുന്ന പോരാട്ട വീര്യം യഥാര്‍ത്ഥത്തില്‍ ടീമിനു ഗുണകരമാണോ? ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്‍റെ മാനസിക നില തന്നെയല്ലേ ശ്രീശാന്തിനും?

എന്തൊക്കെയോ നേടിയെന്ന അഹന്തയാണ് പലപ്പോഴും കളിക്കളത്തിലും അഭിമുഖങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാനോളം വാഴ്ത്തുന്ന ഈ കളിക്കാരന്‍റെ ഭാവി എന്താവും? ഒരു വീഴ്ചയുണ്ടായാല്‍, ഉള്ളില്‍ പ്രതിഭയുടെ തിളക്കം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ അതുകൂടി ഇല്ലാതാക്കന്‍ ഇതേ മാധ്യമങ്ങള്‍ മത്സരിക്കും. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം ഇന്‍ഡ്യ പുറത്തായപ്പോഴുണ്ടായ പുകില് ഓര്‍ക്കുന്നുണ്ടല്ലോ.

ശ്രീശാന്ത് വളരുന്നു; പെരുമാറ്റ വൈകല്യവും

കേരള ടീമില്‍ നിന്നും ദേശീയ ടീമിലെത്താന്‍ ശ്രീശാന്തിന് ഏറെകാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. പ്രാദേശികവാദവും പങ്കു വയ്ക്കലുമൊക്കെ ഇന്‍ഡ്യന്‍ ക്രിക്കറ്റില്‍ പതിവാണ്. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ ടീമില്‍ തിരുകി കയറ്റാനും നിലനിര്‍ത്താനും ഈ പ്രാദേശിക ക്രിക്കറ്റ് മേധാവികള്‍ എന്തു നാണക്കേടും സഹിക്കും. എന്തായാലും ശ്രീശാന്തിനും ടീമില്‍ ഇടം കിട്ടി. തന്നെ കൈപിടിച്ചുയര്‍ത്തിയവരുടെ നെറുകയില്‍ ചവിട്ടാന്‍ പക്ഷെ, ശ്രീശാന്ത് മറന്നില്ല.

നന്നേ ചെറുപ്പത്തിലേ തന്നെ സ്വന്തം ജീവചരിത്രം പ്രകാശനം ചെയ്യാനുള്ള ഭാഗ്യം ശ്രീശാന്തിനുണ്ടായി. ലോകോത്തര താരങ്ങളായ സച്ചിനോ ഗാംഗുലിക്കോ ദ്രാവിഡിനോ പോലും ഈ ഭാഗ്യമുണ്ടായില്ലെന്നോര്‍ക്കണം. വിദേശ പര്യടനം കഴിഞ്ഞ് കൊച്ചിയില്‍ തിരികെയെത്തിയപ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ പോരായെന്നു പറഞ്ഞതും ഇതേ ശ്രീശാന്താണ്.
FILEFILE


പ്രാദേശിക മത്സരത്തിനിടെ എതിര്‍ ടീമംഗമായ സച്ചിനോട് കൊമ്പുകോര്‍ക്കാന്‍ ശ്രീശാന്തിനെ പ്രേരിപ്പിച്ചതും ഇതേ അഗ്രസീവ് മനോഭാവമായിരിക്കും. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 'ജാഡ"യെന്ന് കൂട്ടുകാര്‍ വിളിക്കുമായിരുന്നെന്ന് ശ്രീശാന്ത് അഭിമാനത്തോടെ ഓര്‍ക്കുന്നു. ഇടയ്ക്ക്, പേര് ശ്രീസന്ത് എന്നു പരിഷ്കരിക്കുന്നതിനെ കുറിച്ചും ശ്രീശാന്ത് ചിന്തിച്ചു.

ടീമില്‍ നിന്നു പുറത്തായപ്പോള്‍ ശ്രീശാന്തിന്‍റെ അമ്മ പറഞ്ഞത് ശ്രദ്ധിക്കുക: വല്ലാത്ത മാനസിക അവസ്ഥയിലായിരുന്നു ശ്രീ. രാത്രി അവന്‍ ക്ഷേത്രത്തില്‍ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു. അവന്‍റെ മനസില്‍ എന്തെങ്കിലും അഹന്ത ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതായി.

ശ്രീശാന്തിന്‍റെ അഹന്തയെക്കുറിച്ച് അമ്മയ്ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. എന്തായാലും അമ്മ നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നെന്ന് ശ്രീശാന്ത് കൊച്ചിയില്‍ തെളിയിച്ചു.

പേസ് ബൗളര്‍ സിംഗിന് പരിക്കേറ്റപ്പോള്‍ ശ്രീശാന്തിന് വിദേശപര്യടനത്തിന് അവസരം ലഭിച്ചു. തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ശ്രീശാന്ത് പറഞ്ഞു കളഞ്ഞു. ടീമിലിടം കിട്ടാനാണോ ടീമിലെ പേസ് ബൗളര്‍മാര്‍ ആര്‍ക്കെങ്കിലും പരുക്ക് പറ്റാനാണോ പ്രാര്‍ത്ഥിച്ചതെന്ന ചോദ്യം ബാക്കി നില്‍ക്കട്ടെ. മലയാള മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുമ്പോള്‍ പോലും മലയാളം സംസാരിക്കാതിരിക്കാന്‍ ശ്രീശാന്ത് ശ്രദ്ധിക്കാറുണ്ട്.

നാട്ടുകാരുടെ മുന്നിലെ 'പ്രകടനം"

ബാംഗ്ളൂര്‍ ഏകദിനം മഴയില്‍ കുതിര്‍ന്നു. കൊച്ചിയില്‍ കളിയുടെ തലേന്ന് ശ്രീശാന്ത് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. കളിയൊന്ന് നടന്നു കിട്ടിയാല്‍ മതി...അവരെയൊന്ന് തോല്‍പിക്കണം. സ്കൂള്‍ കുട്ടികള്‍ പോലും ഇങ്ങനെയൊക്കെ പറയുമോ?

കൊച്ചിയില്‍ കണക്കിന് തല്ലുവാങ്ങി മാന്യമായി റണ്‍സ് വഴങ്ങിയ ശ്രീശാന്ത് എല്ലാമാന്യതയും മറക്കുന്നത് ലജ്ജയോടെ മലയാളികള്‍ നോക്കിക്കണ്ടു. സൈമണ്ട്‌സിന്‍റെ വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് കാടിക്കൂട്ടിയ പരാക്രമങ്ങളെ പോരാട്ടവീര്യമെന്നു വിളിക്കമോ? എന്തായാലും ഭാവാഭിനയം മഹാബോറായി.

ടീമിനെ ശക്തമായ നിലയിലെത്തിച്ച ശേഷമാണ് സൈമണ്ട്‌സ് പുറത്തായത്. സ്ളോഗ് ഓവറില്‍ അടിച്ചു തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് വിക്കറ്റ് വീണത്. അതിനും മുമ്പ് സൈമണ്ട്സിനെ റണ്ണൗട്ടാക്കാന്‍ നടത്തിയ നീക്കവും പരിഹാസ്യമായി. അമ്പയറുടെ മുന്നില്‍ ആകോശിച്ചു നിന്ന ശ്രീശാന്തിനെ 'തണുപ്പിക്കാന്‍" ദ്രാവിഡും ധോണിയും ഓടിയെത്തുന്നതും കണ്ടു.
FILEFILE


വര്‍ഷങ്ങള്‍ക്കു മുമ്പ്, ബൗള്‍ ചെയ്യുന്നതിനു മുമ്പ് പോപ്പിംഗ് ക്രീസ് വിട്ടിറങ്ങിയ പാകിസ്ഥാന്‍റെ അവസാന ബാറ്റ്സ്‌മാനെ പുറത്താക്കാതെ കൈകെട്ടിനിന്ന കോട്നി വാല്‍ഷിനെ ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. അവസാന പന്തില്‍ സിക്സര്‍ തൂക്കി അബ്ദുല്‍ ഖാദര്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തുകയും ചെയ്തു. കലാശക്കളിയില്‍ ജയിച്ചത് പാക് ടീമാണെങ്കിലും വാല്‍ഷിന്‍റെ മാന്യത ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.

ഇനിയെന്ത്?

സച്ചിനും ലാറയും ദ്രാവിഡും ലക്ഷ്മണും അഗ്രസീവ് എന്ന വാക്കില്‍ കടിച്ചു തൂങ്ങുന്നവരല്ല. അവര്‍ തങ്ങളാരാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തവരാണ്. അവശ്യ സന്ദര്‍ഭങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്ന ഗാംഗുലിയും കോപ്രായങ്ങള്‍ കാട്ടിയല്ലാ ആരാധകരെ കൈയിലെടുത്തത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ നല്ല ആതിഥേയനാവാനെങ്കിലും ശ്രീശാന്ത് തയാറാവണമായിരുന്നു. ധോണിയുടെ ഷോട്ട് ഹെല്‍ മറ്റില്‍ പതിച്ചപ്പോള്‍ കാണികളില്‍ ഭൂരിപക്ഷവും കൈയടിച്ചത് എന്തു കൊണ്ടാണെന്ന് ശ്രീശാന്ത് സമയം കിട്ടുമ്പോള്‍ ചിന്തിക്കണം.

ശ്രീശാന്ത് നടത്തുന്ന ഇത്തരം 'പ്രകടനങ്ങള്‍" ചില്ലറ തലവേദനയുണ്ടാക്കുന്നുവെന്ന് ക്യാപ്റ്റന്‍ ധോണി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മുന്‍ കോച്ച് ചാപ്പലിന് ചോറും മീനും വിളമ്പിയതുകൊണ്ടോ കുമരകത്ത് ബോട്ടില്‍ ചുറ്റിച്ചതു കൊണ്ടോ മാത്രമാവില്ല ശ്രീശാന്ത് ടീമില്‍ ഇടം കണ്ടത്.

FILEFILE
പക്ഷെ, ടീം ഇന്‍ഡ്യയ്ക്ക് ശ്രീശാന്ത് ഇപ്പോഴും അവശ്യഘടകമൊന്നുമല്ല. ഇന്‍ഡ്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ ഗാംഗുലിയും ഇന്‍ഡ്യ കണ്ട മികച്ച ബാറ്റ്സ്‌മാന്മാരില്‍ ഒരാളായ ഗാവസ്കറുമൊക്കെ അവഗണിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സൗരവ് ഗാംഗുലി തന്‍റെ കുട്ടികള്‍ക്കുവേണ്ടി നിലകൊണ്ട പോലെയാവില്ല ധോണിയുടെ നിലപാടുകള്‍. ടീമിന്‍റെ വിജയത്തില്‍ ഭാഗഭാക്കാവാനാണ് ശ്രീശാന്ത് ശ്രമിക്കേണ്ടത്.

ആത്മാര്‍ഥ സുഹൃത്തുക്കളും മീഡിയ മാനേജര്‍മാരുമൊക്കെ ഉപദേശിക്കുന്നത് അപ്പടി പകര്‍ത്തുന്നത് പരസ്യത്തില്‍ നിന്നുള്ള വരുമാനം കൂട്ടാനും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനും സഹായിച്ചേക്കാം. എന്നാല്‍, ടീമില്‍ നിന്ന് ഇനിയും പുറത്തായാല്‍ പകരം കയറിക്കൂടാന്‍ കച്ചകെട്ടി നിക്കുന്നവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഈ അഗ്രസീവ് പ്രകടനങ്ങള്‍ മാത്രം മതിയാവില്ലായെന്ന് ശ്രീശാന്തിനു ബോധ്യമാവും. വന്നവഴി മറക്കുന്നവര്‍ ഏറെ മുന്നേറില്ലായെന്ന് പഴമൊഴി.

മമ്മൂട്ടി ഫാന്‍സ് പരിഭ്രാന്തിയില്‍

പൊലീസ് വേഷം മനോഹരമാക്കാന്‍ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. നവാഗതനായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു. മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍ മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണെന്നത് ചരിത്രം. ആരാധകര്‍ക്കും ചിത്രം തകര്‍ത്തുവാരുമെന്ന് ഉറപ്പ്.

ചിത്രീകരണം തുടങ്ങും മുമ്പേ തിയേറ്റര്‍ ഉടമകളില്‍ നിന്നും നല്ല പ്രതികരണമാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. പക്ഷെ ഒടുവില്‍ കിട്ടിയ വാര്‍ത്ത ആരാധകരെ തളര്‍ത്തിയിരിക്കുന്നു. വാര്‍ത്ത മറ്റൊന്നുമല്ല, മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കേരളത്തിന്‍റെ പ്രിയപ്പെട്ട ശ്രീശാന്ത്!
FILEFILE