പ്രഥമ ട്വന്‍റി 20 ലോകകപ്പ് സെമി ചരിത്രത്തിന്‍റെ വാതില്‍ പുറത്താണ് നടക്കുന്നത്. ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ രണ്ടാമത്തെ മത്സരം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ്. ആരു ജയിച്ചാലും പ്രഥമ ട്വന്‍റി ലോകകപ്പ് ഫൈനലില്‍ എത്തുന്ന ടീമായി ചരിത്രത്തിനൊപ്പം സഞ്ചരിക്കും.
ആദ്യ ലോകകപ്പ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയിലെ മിക്ക മത്സരങ്ങളും ഇതിനകം റെക്കോഡ് ബുക്കില്‍ ഇരിപ്പായി. ആതിഥേയരായും ആദ്യ മത്സരത്തിലെ വിജയികളായും ദക്ഷിണാഫ്രിക്ക തന്നെ ഇടം നേടി റെക്കോഡുകള്‍ക്ക് നേതൃത്വം നല്‍കി. ഈ മത്സരത്തില്‍ 117 റണ്‍സ് എടുത്ത വിന്‍ഡീസ് താരം ഗെയ്‌ല്‍ ആദ്യ സെഞ്ച്വറിക്കാരനുമായി.
മത്സരത്തില്‍ ഗെയ്‌ല്‍ അടിച്ചു കൂട്ടിയത് പത്തു സിക്സറുകള്‍. 205 റണ്‍സിനു മറുപടി പറയാന്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 208 അടിച്ചതോടെ ആദ്യം 400 റണ്‍സ് കടന്ന മത്സരമായി ഇത് മാറി. ഹര്‍ഷല്‍ ഗിബ്‌സ് 14 ഫോറുകളുമായി ആദ്യ ട്വന്‍റി ലോകകപ്പ് അര്‍ദ്ധ ശതകത്തിനും ഉടമയായി.
ക്രിക്കറ്റിലെ ശിശുക്കളായ സിംബാബ്‌വേയ്‌ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും ആദ്യ അട്ടിമറി കുറിച്ചത് അവരായിരുന്നു. അതും ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്തുകൊണ്ട്. കെനിയയ്‌ക്കെതിരെ 270 അടിച്ച ശ്രീലങ്കയായിരുന്നു ഏറ്റവും വലിയ ടോട്ടല്‍ സ്വന്തമാക്കിയത്. കെനിയയെ 172 റണ്‍സിനു പരാജയപ്പെടുത്തി ഏറ്റവും വലിയ വിജയവും അവര്‍ തന്നെ നേടി.
ആദ്യ മത്സരത്തില്‍ കളിക്കാനായില്ലെങ്കിലും ഇന്ത്യയുടെ രണ്ടാം മത്സരം ചരിത്രത്തില്‍ ഇടംനേടി. പാകിസ്ഥാനെ സമനിലയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ബൌള്‍ഡ് ഔട്ട് കളി തീരുമാനിക്കുന്ന ആദ്യ മത്സരമായി ഇത് മാറി. മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്‌തു. ബൌള്‍ഡ് ഔട്ടിലെ ആദ്യ പന്ത് എറിഞ്ഞ സേവാഗ് അത് ലക്‍ഷ്യത്തില്‍ എത്തിച്ചു.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തതും റെക്കോഡിന്‍റെ അകമ്പടിയിലായിരുന്നു. 218 റണ്‍സ് അടിച്ച ഇന്ത്യ ഏറ്റവും വലിയ രണ്ട് ടോട്ടലുകളില്‍ ഒന്ന് നേടി. ഇംഗ്ലണ്ട് 200 റണ്‍സ് അടിച്ചപ്പോള്‍ രണ്ടു ടീമുകളും കൂടി 418 റണ്‍സ് സ്കോര്‍ ചെയ്‌തതോടെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുന്ന മത്സരമായി.
യുവരാജിന്‍റെ സിക്‍സറുകളായിരുന്നു മറ്റൊരു പ്രത്യേകത. മത്സരത്തില്‍ ഏഴു സിക്‍സറുകള്‍ പേരിലാക്കിയ യുവി ഇംഗ്ലീഷ് ബൌളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ എല്ലാ പന്തും സിക്സര്‍ അടിച്ചു. 12 പന്തുകളില്‍ 50 ല്‍ എത്തിയ ഉപനായകന്‍ വേഗമേറിയ അര്‍ദ്ധ ശതകത്തിനു പാത്രമായി.
സെമിയില്‍ എത്തി ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ രണ്ടു മത്സരം കൂടി ജയിക്കാനായാല്‍ ആദ്യ ട്വന്‍റി കിരീടത്തിലേക്കും ഉയരും. ഓസ്‌ട്രേലിയയെ സംബന്ധിച്ചാണെങ്കില്‍ മറ്റൊരു നേട്ടം കൂടിയാണ്. ചാമ്പ്യന്‍സ്ട്രോഫി, ലോകകപ്പ്, ട്വന്‍റി20 മൂന്ന് സുപ്രധാന ട്രോഫികളുമായി ട്രിപ്പിള്‍ തികയ്‌ക്കാം.