ഏപ്രിലിൽ കൊറോണയെ പിടിച്ച് കെട്ടാൻ കേരളത്തിനാകും, ശുഭപ്രതീക്ഷ; ആരോഗ്യവിദഗ്ധരുടെ റിപ്പോർട്ട്

അനു മുരളി

വ്യാഴം, 2 ഏപ്രില്‍ 2020 (14:20 IST)
ദിനംപ്രതി വർധിക്കുന്ന കൊവിഡ് 19 രോഗികളുടെ എണ്ണം രാജ്യത്തെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ മൂന്ന് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഓരോ ദിവസം കൂടുമ്പോഴും പ്രത്യക്ഷമാകുന്നുണ്ട്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉള്ളത്. 
 
കേരളത്തിലാണ് ആദ്യ കൊറോണ കേസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ മൂന്ന് പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം ദിവസങ്ങൾക്കു ശേഷം വീണ്ടും കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തതും കേരളത്തിൽ തന്നെയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യമൊട്ടുമുള്ള നഗരങ്ങളിൽ രോഗം സ്ഥിരീകരിച്ചത്.
 
നിലവിൽ 265 കൊറോണ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് മരണം സഭവിച്ചെങ്കിലും കൊവിഡ് 19നെ വളരെ ശക്തമായ രീതിയിൽ തന്നെയാണ് കേരളം പ്രതിരോധിക്കുന്നത്. ഏപ്രിൽ അവസാനിക്കുമ്പോഴേക്കും കൊവിഡിനെ നിയന്ത്രണവിധേയമാക്കാൻ കേരളത്തിനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധർ. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്നത് ആശ്വാസം ഉണർത്തുന്ന കാര്യമാണ്. 
 
265 എന്ന കണക്ക് 500 വരെ ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിൽകൂടുതൽ രോഗികൾ ഉണ്ടാകില്ലെന്നും ഈ കണക്കിനടുത്തെത്തുമ്പോഴേക്കും കാര്യങ്ങൾ നിയന്ത്രണ വിധേയമാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തന്നെ തുടരാൻ സാധിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കാൻ കഴിഞ്ഞാൽ രോഗത്തെ പിടിച്ച് കെട്ടാൻ കേരളത്തിനു കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
 
ലോകത്തു തന്നെ കൊവിഡ് 19 വൈറസ് പരിശോധന നടത്തുന്നതില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പക്ഷേ, ഇക്കാര്യത്തിൽ കേരള മുന്നിലാണ്. പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ കേരളത്തിനു സാധിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍