കൊറോണ വൈറസ് ആക്രമണം മൈക്കല്‍ ജാക്‍സണ്‍ മുന്‍‌കൂട്ടി അറിഞ്ഞിരുന്നു ?!

സുബിന്‍ ജോഷി

ബുധന്‍, 25 മാര്‍ച്ച് 2020 (20:57 IST)
അന്തരിച്ച പോപ്പ് രാജാവ് മൈക്കൽ ജാക്‍സൺ കൊറോണ വൈറസ് പോലെയുള്ള ആഗോള വ്യാപകമായ ഒരു വൈറസ് ആക്രമണം പ്രവചിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ മുന്‍ അംഗരക്ഷകനായ മാറ്റ് ഫിഡസ്. എവിടെ യാത്ര ചെയ്‌താലും മുഖത്ത് മാസ്‌ക് ധരിക്കുമായിരുന്ന മൈക്കല്‍ ജാക്‍സണ്‍, ആ ശീലം കാരണം ഏറെ അപഹസിക്കപ്പെട്ടിരുന്നതായും ഫിഡസ് പറയുന്നു.
 
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ദശാബ്ദക്കാലം ഗായകനുവേണ്ടി പ്രവർത്തിച്ച മാറ്റ് ഫിഡസിന്‍റെ അഭിപ്രായത്തില്‍, ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍താരം ഒരുകാലത്ത് ചിന്തിച്ച ആ സാഹചര്യമാണ് ഇപ്പോള്‍ ലോകത്തെ നടുക്കിക്കൊണ്ടിരിക്കുന്നത്.
 
“ഒരു പ്രകൃതിദുരന്തം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് എം ജെ‌യ്‌ക്ക് അറിയാമായിരുന്നു. ആ കാരണത്താല്‍ എപ്പോൾ വേണമെങ്കിലും ഈ ഭൂമുഖത്തുനിന്ന് നാം തുടച്ചുനീക്കപ്പെടാമെന്നും അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഒരു ദിവസം ചിലപ്പോള്‍ അദ്ദേഹം നാല് രാജ്യങ്ങളിലൂടെ കടന്നുപോകുമായിരുന്നു. എല്ലായ്പ്പോഴും ആളുകളുമായി വിമാനങ്ങളിൽ അദ്ദേഹത്തിന് സമ്പര്‍ക്കം ഉണ്ടായിരുന്നു. ഫെയ്‌സ് മാസ്‌ക് ധരിക്കരുതെന്നും താങ്കള്‍ക്കൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ മുഖാവരണം ഒരു ഭംഗികേടായി തോന്നുന്നുവെന്നും തമാശയായി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു” - ഫിഡസ് പറയുന്നു.
 
എന്നാല്‍ അതിന് മൈക്കല്‍ ജാക്‍സണ്‍ പറയാറുള്ള മറുപടി ഇപ്രകാരമായിരുന്നു എന്നും മാറ്റ് ഫിഡസ് ഓര്‍ക്കുന്നു - “മുഖത്ത് മാസ്‌ക് ധരിക്കുന്നതുകൊണ്ട് എനിക്ക് അസുഖം വരില്ല. എന്റെ ആരാധകരെ എനിക്ക് നിരാശപ്പെടുത്താൻ കഴിയില്ല. എനിക്ക് മ്യൂസിക് പ്രോഗ്രാമുകള്‍ ചെയ്യണം. ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിന് ഒരു കാരണമുണ്ട്. എന്റെ ശബ്ദത്തിന് കേടുവരരുത്, എനിക്ക് എപ്പോഴും ആരോഗ്യത്തോടെയിരിക്കണം. ഇന്ന് ആരെയൊക്കെയാണ് ഞാൻ കണ്ടുമുട്ടാൻ പോകുന്നതെന്ന് എനിക്കറിയില്ല. ആരോടൊക്കെയാണ് സമ്പര്‍ക്കം പുലര്‍ത്താന്‍ പോകുന്നതെന്ന് എനിക്കറിയില്ല.”

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍