കൊവിഡ് പകർച്ചവ്യാധി അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതു മുതൽ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിനെ നിസാരമായി തള്ളുന്നതിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
കോവിഡ്-19 ന്റെ ഒമൈക്രോൺ വകഭേദം മുമ്പത്തെ സ്‌ട്രെയിനുകളേക്കാൾ അതിവേഗം പടരുന്ന പകർച്ചവ്യാധിയാണ്. എന്നാൽ ഇത് ഗുരുതരമായ രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ പകർച്ചവ്യാധി എൻഡമിക്ക് ആവുന്നതിന്റെ വക്കിലാണെന്നാണ് ആരോഗ്യവിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ രോഗബാധിതരുടെ എണ്ണം കൂടുന്നതിന്റെ അർത്ഥം ആളുകൾ ഇപ്പോഴും ഗുരുതരമായി രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്നാണെന്ന് ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നത്. ഒമൈക്രോണിന് ശരാശരി തീവ്രത കുറവായിരിക്കാം, പക്ഷേ ഇതൊരു നേരിയ രോഗമാണെന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.