കൊവിഡ് 19: ഹൃദ്രോഗമുള്ളവരും പ്രമേഹരോഗികളും ശ്രദ്ധിക്കുക

ഗേളി ഇമ്മാനുവല്‍
വെള്ളി, 27 മാര്‍ച്ച് 2020 (15:34 IST)
കൊറോണ വൈറസ് പടരുന്നത് തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയാണ് രാജ്യം. 21 ദിവസം നീളുന്ന ഒരു ലോക്‍ഡൌണിലൂടെ ജനങ്ങള്‍ കടന്നുപോകുന്നു. പ്രായമായവരും രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ളവരും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ഈ ദുഷ്‌കരകാലത്തെ ഏറെ കരുതലോടെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഈ മാരകമായ വൈറസിന്‍റെ ആക്രമണം അവര്‍ക്ക് ഒരുപക്ഷേ താങ്ങാവുന്നതിലും വലിയ ആഘാതം സൃഷ്‌ടിച്ചേക്കാം എന്നാണ് ആരോഗ്യവിദഗ്‌ധര്‍ ഉപദേശിക്കുന്നത്.
 
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മറ്റ് രോഗാവസ്ഥകളിലൂടെ കടന്നുപോകുന്നവരില്‍ കോവിഡ് 19 മാരകമാകാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും മറ്റ് രോഗാവസ്ഥയോ പ്രായാധിക്യമോ മൂലം പ്രതിരോധശേഷി തകരാറിലായവരാണ്. 
 
ഫോർട്ടിസ് ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. വികാസ് മൗര്യ പറഞ്ഞത്, “കൊറോണ വൈറസ് രോഗിയെക്കുറിച്ച് ചൈന നടത്തിയ പഠനത്തിൽ പ്രായമായവർക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ ജീവൻ നഷ്ടപ്പെട്ട 19 ശതമാനം രോഗികളും അത്തരത്തിലുള്ളവരാണ്. അവര്‍ക്ക് പ്രമേഹവും രക്താതിമർദ്ദവും ഉണ്ടായിരുന്നു. അതിനാൽ, ഇതിനകം തന്നെ രക്താതിമർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, ദുർബലമായ പ്രതിരോധശേഷി തുടങ്ങിയ രോഗങ്ങളുള്ളവര്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്” - എന്നാണ്.
 
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ കോവിഡ് -19നെക്കുറിച്ച് പ്രസിദ്ധീകരിച്ച ഏറ്റവും വലിയ പഠനമനുസരിച്ച്, കോവിഡ് -19 ന്റെ ശരാശരി മരണനിരക്ക് 2.3 ശതമാനമാണ്. എന്നാല്‍ 80 വയസ്സിനു മുകളിലുള്ള രോഗികളിൽ മരണനിരക്ക് 15 ശതമാനമാണ്. ഗുരുതരമായ COVID-19 അണുബാധയില്‍ ഏറ്റവും അപകടസാധ്യത പ്രായമായവർക്കും മറ്റുപല രോഗാവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്കുമാണ്. 
 
“ചുമ, തുമ്മൽ എന്നിവയോടെ ദീർഘകാലമായി ആര്‍ക്കെങ്കിലും പനി തുടരുന്നുണ്ടെങ്കില്‍ അവര്‍ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണം എന്നതാണ് ആദ്യത്തെ പ്രതിരോധ സന്ദേശം. കോവിഡ് 19 പിടിപെടാനുള്ള സാധ്യത കൂടുതലുള്ളതിനാൽ മറ്റുപല രോഗങ്ങളുമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം” - ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. രാജൻ ശർമ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article