ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.നവ്ജ്യോത്ഖോസ ഉത്തരവിറക്കി. ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും.
സാമൂഹിക അകലം പാലിക്കുന്നതിന് , കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയില്‍ നിലത്ത് അടയാളപ്പെടുത്തണം. ഭക്തജനങ്ങള്‍ ഈ അടയാളങ്ങളില്‍ മാത്രം നില്‍ക്കുന്നതിന് സംഘാടകര്‍ നിര്‍ദേശം നല്‍കണം. ക്യൂ, ബാരിക്കേഡുകള്‍ എന്നീ സംവിധാനങ്ങളിലൂടെ പോലീസും സംഘാടകരും ആള്‍ക്കൂട്ടം നിയന്ത്രിക്കണം. ആചാരപ്രകാരമല്ലാത്ത പരിപാടികള്‍ അനുവദിക്കില്ല.