ആറ്റുകാല്‍ ഉത്സവം: ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ഫെബ്രുവരി 2022 (20:20 IST)
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.നവ്ജ്യോത്ഖോസ ഉത്തരവിറക്കി. ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും. 
 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.
 
ക്ഷേത്രത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയര്‍മാര്‍ക്കും നിര്‍ദേശം ബാധകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍