നഖത്തിന്റെ ആരോഗ്യത്തിനായി പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. ആകർഷണീയമായ രീതിയിൽ നഖം വളർത്താൻ ആഗ്രഹിക്കുന്നവർ കുറവല്ല. നഖങ്ങളിലെ വെള്ളപാടുകൾ ചിലർക്കൊക്കെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കാം.
നഖത്തിൽ കറപുരണ്ടത് മാറണമെങ്കിൽ നാരങ്ങ നീരോ വിനാഗിരിയോ കലർത്തിയ വെള്ളത്തിൽ നഖം മുക്കി വെച്ച് കോട്ടൺ ഉപയോഗിച്ച് തുടച്ചാൽ മതി. ഇളം ചൂടുള്ള ഒലിവ് എണ്ണയിൽ നഖങ്ങൾ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖങ്ങൾക്ക് കട്ടി കിട്ടുന്നതിനും ഇത് സഹായിക്കും. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം. സ്വാഭാവിക പരിചരണം നൽകാൻ നഖത്തിൽ പെട്രോളിയം ജെല്ലി തേച്ച ശേഷം കോട്ടൺ തുണികൊണ്ട് തുടച്ചാൽ മതി.