വി എസ് ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരന്‍: പിണറായി

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2012 (18:18 IST)
PRO
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള പോരിന് അവസാനമായോ? കേരളത്തിലെ വിഭാഗീയത അവസാനിച്ചുവെന്നും ഇപ്പോള്‍ എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സീതാറാം യെച്ചൂരി പ്രഖ്യാപിച്ചുകഴിഞ്ഞു. കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി സ്ഫോടനം നടന്നയിടത്ത് വി എസും പിണറായിയും ഒരുമിച്ചാണ് സന്ദര്‍ശനം നടത്തിയത്. ഇപ്പോഴിതാ, ഭിന്നത അവസാനിക്കുന്നതിന്‍റെ ലക്‍ഷണങ്ങള്‍ പിണറായിയുടെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നു.

വി എസ് ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരന്‍ എന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് പിണറായി. വി എസിന്‍റെ ജീവിതം കാര്‍ട്ടൂണുകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകത്തിന്‍റെ അവതാരിക പിണറായി വിജയനാണ് എഴുതിയിരിക്കുന്നത്. 'വര, വരി, വി എസ്' എന്ന പുസ്തകത്തിന്‍റെ അവതാരികയ്ക്ക് പിണറായി നല്‍കിയിരിക്കുന്ന തലക്കെട്ടാണ് - വി എസ് ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരന്‍.

പതിനഞ്ചോളം കാര്‍ട്ടൂണിസ്റ്റുകളുടെ വരകളിലൂടെയാണ് വി എസിന്‍റെ സംഭവബഹുലമായ ജീവിതത്തെ പകര്‍ത്തിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ അതികായന്‍‌മാര്‍ വി എസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. കാര്‍ട്ടൂണിസ്റ്റ് സുധീന്ദ്രനാഥ് എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറക്കുന്നത് ഡി സി ബുക്‌സ്.