സച്ചിക്കും സേതുവിനും ഒരു നായകനേയുള്ളൂ - അത് മമ്മൂട്ടിയാണ്!

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (14:05 IST)
സച്ചി - സേതു ടീം മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളായിരുന്നു. ചോക്ലേറ്റ്, സീനിയേഴ്സ്, മേക്കപ്പ്‌മാന്‍, റോബിന്‍‌ഹുഡ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ എഴുതിയത് ഇവരാണ്. ഇടയ്ക്ക് വച്ച് ഇവര്‍ പിരിഞ്ഞു. പിന്നീട് സച്ചി റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ തിരക്കഥകളെഴുതി. അനാര്‍ക്കലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്തു. സേതുവാകട്ടെ മല്ലുസിംഗ്, ഐ ലവ് മീ, സലാം കശ്മീര്‍, കസിന്‍സ് എന്നീ തിരക്കഥകളെഴുതി. 
 
സച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്ന വാര്‍ത്ത കുറച്ചുനാള്‍ മുമ്പ് മലയാളം വെബ്‌ദുനിയ നല്‍കിയിരുന്നു. പുതിയ വാര്‍ത്ത, സേതുവും സംവിധായകനാകുന്നു. മമ്മൂട്ടി തന്നെ നായകന്‍ !
 
രണ്ടുപേരുടെയും സിനിമകള്‍ 2017ല്‍ സംഭവിക്കും. സേതുവിന്‍റെ മമ്മൂട്ടിച്ചിത്രമാണ് ആദ്യം തുടങ്ങുക. 2017 ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സച്ചിയുടെ ചിത്രം 2017 മധ്യത്തോടെ ചിത്രീകരണം തുടങ്ങും.
 
എന്തായാലും മമ്മൂട്ടി ആരാധകര്‍ ഹാപ്പിയാണ്. സച്ചിയും സേതുവും പിരിഞ്ഞതുതന്നെ ഇതിനുവേണ്ടിയായിരിക്കാമെന്നാണ് അവര്‍ പറയുന്നത്. രണ്ടുപേര്‍ക്കും മമ്മൂട്ടിച്ചിത്രങ്ങള്‍ കിട്ടിയല്ലോ!
 
വാല്‍‌ക്കഷണം: സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ മമ്മൂട്ടിച്ചിത്രമായിരുന്നു ഡബിള്‍സ്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ആ സിനിമ ഒരു ബോക്സോഫീസ് ദുരന്തമായിരുന്നു.
Next Article