വിതുര കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ. അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണു ആ കേസില്‍ ജഗതിയെ കുടുക്കിയതെന്നാണ് ഒരു അഭിമുഖത്തില്‍ ശോഭ പറഞ്ഞത്. കേസില്‍ ഉള്‍പ്പെടുത്താതിരിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്നും അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചുപറഞ്ഞിരുന്നതായും അവര്‍ പറയുന്നു.
വിതുര കേസില്‍ അദ്ദേഹം പ്രതിയായപ്പോള്‍തന്നെ ഇതു കള്ളക്കേസാണെന്ന് ജഗതിച്ചേട്ടന്‍ പറഞ്ഞിരുന്നു. അത് തനിക്കു പൂര്‍ണ വിശ്വാസമായിരുന്നു. ഈ അടുത്തകാലത്ത് വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍’ എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തതെന്നും ശോഭ പറയുന്നു.
അക്കാലത്ത് മലയാളത്തിലെ സുപ്രസിദ്ധനായ താരമാണ് ജഗതി. അങ്ങിനെയുള്ള ഒരു സിനിമാതാരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലയെന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുകയെന്നും അവര്‍ ചോദിച്ചു. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്‍കാന്‍ തയാറല്ലെന്നാണ് ചേട്ടന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
വിതുര കേസില്‍ ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു അദ്ദേഹം. പിന്നീടാണ് പൊലീസുകാരുടെ ചില ഇടപെടലിലൂടെ മുന്നോട്ടു കയറ്റിയത്. ആ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട കൈക്കൂലിയേക്കാള്‍ തുക കേസു നടത്താന്‍ ചെലവായി. എങ്കിലും സത്യം തെളിഞ്ഞല്ലോയെന്ന ആശ്വാസമായിരുന്നു തങ്ങള്‍ക്കെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.