മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റുവെന്ന വാർത്ത ബോളിവുഡിനെ ചെറുതൊന്നുമല്ല ആശങ്കപ്പെടുത്തിയത്. ജനുവരി 16 വ്യാഴാഴ്ച പുലർച്ചെയാണ് സെയിഫും ഭാര്യ കരീനയും താമസിക്കുന്ന ബാന്ദ്രയിലെ ഫ്ലാറ്റില്‍ കവര്‍ച്ചയ്ക്ക് എത്തിയാള്‍ സെയ്ഫിനെ ആറുതവണ കത്തികൊണ്ട് കുത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. സെയ്ഫിനെ മകൻ ഇബ്രാഹിം അലി ഖാനാണ് സെയ്ഫിനെ പിന്നീട് ആശുപത്രിയിലെത്തിച്ചതെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നു.
പുലർച്ചെ മൂന്ന് മണിയോടെ 23കാരനായ സെയ്ഫിന്‍റെ മകന്‍ ഇബ്രാഹിം രക്തം വാർന്നു കിടന്ന പിതാവിനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത് എന്നാണ് വിവരം. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, ഇബ്രാഹിമും സെയ്ഫിന്‍റെ ഫ്ലാറ്റിലെ കെയര്‍ടേക്കറും ചേര്‍ന്നാണ് അദ്ദേഹത്തെ നടന്‍റെ ബാന്ദ്രയിലെ വീട്ടിൽ നിന്ന് 2-3 കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചത്. ആ സമയത്ത് വീട്ടിൽ ഡ്രൈവർ ഇല്ലാതിരുന്നതിനാൽ നടനെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് ഡിഎന്‍എ പത്രം പറയുന്നത്. നടന്റെ കാറിൽ പെട്രോൾ ഇല്ലായിരുന്നു എന്നും റിപ്പോർട്ടുണ്ട്.
അതേ സമയം അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എമർജൻസി സ്‌റ്റെയർകെയിസ് വഴിയാണ് ഇയാൾ 11-ാം നിലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നാണ് പോലീസ് പറയുന്നത്. വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. വീടിനുള്ളിൽ പരിചയമില്ലാത്തയാളെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിലെത്തുകയും നടന് കുത്തേൽക്കുകയും ചെയ്തുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.