'കേള്‍ക്കാന്‍ ആളുണ്ട് എന്ന ധാര്‍ഷ്ട്യമാണ് അയാളുടേത്'; വിജയ് ബാബുവിനെതിരെ വീണ്ടും WCC

വെള്ളി, 29 ഏപ്രില്‍ 2022 (10:39 IST)
യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിത സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC). കേള്‍ക്കാന്‍ ആളുണ്ട് എന്ന ധാര്‍ഷ്ട്യമാണ് വിജയ് ബാബുവിന്റേതെന്ന് WCC വിമര്‍സിച്ചു. വിജയ് ബാബു അംഗമായ സിനിമ സംഘടനകള്‍ പ്രസ്തുത വിഷയത്തില്‍ ഇപ്പോഴും മൗനം തുടരുന്ന നടപടിയേയും WCC ചോദ്യം ചെയ്തു. 
 
WCC ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: 
 
അതിഗുരുതരമാംവണ്ണം ശാരീരികമായും  മാനസീകവുമായി ആക്രമിക്കപ്പെട്ട  ഒരു യുവനടിയുടെ  പരാതിയെ തുടര്‍ന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിര്‍മ്മാതാവുമായ  വിജയ് ബാബുവിനെ ഇതുവരെയും  പോലീസിന്  പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒളിവില്‍ പോയ അയാള്‍ക്കെതിരെ  പോലീസ് ഇപ്പോള്‍  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.  അയാള്‍ രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത് .
 
നടിയുടെ പരാതിയെ തുടര്‍ന്ന് എഫ്. ബി.യില്‍ തല്‍സമയം വരാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി  പ്രഖ്യാപിക്കുകയും ഏപ്രില്‍ 26 ന് രാത്രി ഒരു അജ്ഞാത ലൊക്കേഷനില്‍ നിന്ന് വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവ്  വഴി നടിയുടെ പേരു വെളിപ്പെടുത്തുകയും അവള്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അയാളെ  കേള്‍ക്കാന്‍ ആളുണ്ട് എന്ന ധാര്‍ഷ്ട്യമാണ്  അതിലൂടെ വെളിപ്പെട്ടത്. മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട്  നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാള്‍ ചെയ്തത്: ''ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ.'' എന്ന്. പെണ്‍കുട്ടിയുടെ പരാതിക്കെതിരെ  മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട്  സോഷ്യല്‍ മീഡിയയിലെ ആണ്‍കൂട്ടങ്ങളുടെ കുരമ്പുകള്‍ അവള്‍ക്കെതിരെ തിരിച്ചു വിടുകയുമാണ് അയാള്‍ ചെയ്തത്.
 
പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആള്‍ക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ  പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പോലീസും തയ്യാറാകണം. അത്ര ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്.  ഭയം ജനിപ്പിക്കുന്ന ഈ ആള്‍ക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാന്‍ ഉള്ള സാധ്യത വ്യക്തമാക്കുന്നുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ വന്നു കൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും  പൂര്‍ണ്ണമായും എടുത്തുകളായാനും അവര്‍ക്കെതിരെ നടപടി എടുക്കാനും അധികൃതര്‍ അടിയന്തിര നടപടി എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു '
മലയാള സിനിമാ മേഖലയില്‍ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയന്‍ അംഗമായ  സംഘടനകള്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
 
മലയാള സിനിമയില്‍  പ്രബലനും സ്വാധീനവുമുള്ള  ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇന്റസ്ട്രിയില്‍ നിന്നും ആരും ഒന്നും പറയാന്‍ തയ്യാറാവുന്നില്ല. ഈ നിശ്ശബ്ദതയാണ് സ്ത്രീകള്‍ക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണമാവുന്നത്. ഈ നിശബ്ദത കൊടിയ അന്യായമായി ഡബ്ല്യു.സി.സി. കാണുന്നു. Sexual Harassment of Women at Workplace Act 2013 മലയാള സിനിമ മേഖലയില്‍ നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലും ഇവിടുത്തെ സംഘടനകള്‍ മൗനം പാലിക്കുകയാണ്. മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഇത് ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ സിനിമ സംഘടനകളിലെയും അംഗത്വം സസ്പെന്‍ഡ് ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇരയെ പൊതുജനമധ്യത്തില്‍ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്ക് അവര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍, ചലച്ചിത്ര സംഘടനകള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം അത്യന്തം ആപല്‍ക്കരമാണ്. ഇങ്ങിനെയൊക്കെയാവാം എന്ന വിചാരമാണ് അത് അക്രമികളില്‍ ഉണ്ടാക്കുക. 
 
മുന്‍പ് ഉണ്ടായ നടിയെ ആക്രമിച്ച വിഷയത്തില്‍ അവര്‍ എടുത്ത നിലപാട്'അതിജീവിതയുടെ കൂടെ നില്‍ക്കുന്നു, പ്രതിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു' എന്നായിരുന്നു. ഇനിയും ഇപ്പോഴും അവര്‍ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചാല്‍, അയാള്‍ മീശ പിരിച്ചു കൊണ്ട്  സംസാരിക്കുന്നത് അവര്‍ക്കെല്ലാം കൂടി വേണ്ടിയാണെന്നാണോ നാം കരുതേണ്ടത്? മറ്റ് തൊഴിലിടങ്ങളിലെന്ന പോലെ മലയാള സിനിമ മേഖലയിലും പോഷ് ആക്റ്റ് ഉടനടി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നത്. ലൈംഗിക പീഡനത്തോട് ഒരു സീറോ ടോളറന്‍സ് നയം ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യത  ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍