പുതിയ തലമുറയ്ക്ക് ഒരു വിശുദ്ധപുസ്തകം!

ബുധന്‍, 29 മെയ് 2019 (14:18 IST)
സിനിമയുടെ ആത്യന്തികമായ ദൌത്യമെന്താണ്? അത് രസിപ്പിക്കലാണ് എന്ന് കൊമേഴ്സ്യല്‍ സംവിധായകര്‍ പറയും. എന്നാല്‍ രസിപ്പിക്കലിനൊപ്പം ആഴമുള്ള ചിന്തകള്‍ പകരുന്നതാകണം സിനിമയെന്ന് മറ്റൊരു വിഭാഗം പറയും. മനുഷ്യനെ കൂടുതല്‍ നന്‍‌മയിലേക്ക് പരിണമിപ്പിക്കുക എന്ന ലക്‍ഷ്യമാണ് സിനിമയെന്ന കലയ്ക്കുള്ളതെന്ന് ലോകോത്തര സംവിധായകര്‍ പറയുന്നു.
 
ഏത് മതവിശ്വാസത്തില്‍ മനസര്‍പ്പിച്ച് ജീവിച്ചാലും നാടിന്‍റെ പൊതുനന്‍‌മയ്ക്കായി എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് നവാഗത സംവിധായകനായ ഷാബു ഉസ്മാന്‍റെ ‘വിശുദ്ധ പുസ്തകം’ എന്ന സിനിമ പറയുന്നത്. വാണിയപുരം എന്ന ഗ്രാമത്തിന്‍റെ കഥയാണിത്. അവിടത്തെ വ്യത്യസ്തരായ മനുഷ്യരുടെ വിശ്വാസങ്ങളുടെയും അവരെ നയിക്കുന്ന പ്രമാണങ്ങളുടെയും കഥ. ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിലെ നന്‍‌മതിന്‍‌മകള്‍ വേര്‍തിരിച്ച് കാണിച്ചുതരിക എന്ന ധര്‍മ്മമാണ് സംവിധായകന്‍ നിര്‍വഹിക്കുന്നത്.
 
രാജേഷ് കളീക്കല്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ സംവിധായകന്‍ നാദിര്‍ഷയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. രസകരവും ത്രില്ലടിപ്പിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. മധു, ജനാര്‍ദ്ദനന്‍, മനോജ് കെ ജയന്‍, മാമുക്കോയ, ബാദുഷ, കലാഭവന്‍ നവാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
 
വിശുദ്ധപുസ്തകത്തിലെ അതിമനോഹരമായ ഗാനങ്ങള്‍ക്ക് പൂവച്ചല്‍ ഖാദര്‍, എസ് രമേശന്‍ നായര്‍ തുടങ്ങിയ വലിയ രചയിതാക്കളുടെ സംഗമത്തിന്‍റെ ചാരുതയുണ്ട്. മലയാളത്തിലെ ഏറ്റവും പ്രായം‌കുറഞ്ഞ ഛായാഗ്രാഹകനായ രഞ്ജിത് മുരളിയാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍