പോസ്റ്ററിന്റെ മധ്യത്തില്‍ മമ്മൂട്ടി; മോഹന്‍ലാല്‍ ഫാന്‍സിന് പിടിച്ചില്ല, ട്വന്റി 20 ബഹിഷ്‌കരിക്കാന്‍ ആഹ്വാനം! തിയറ്ററുകളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് ഏറ്റുമുട്ടി

വെള്ളി, 5 നവം‌ബര്‍ 2021 (11:21 IST)
മലയാള സിനിമാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിചേര്‍ത്ത സിനിമയാണ് 'ട്വന്റി 20'. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രം. താരസംഘടനയായ 'അമ്മ'യ്ക്ക് വേണ്ടി നടന്‍ ദിലീപാണ് സിനിമ നിര്‍മിച്ചത്. റിലീസിനു മുന്‍പ് തന്നെ വലിയ വിവാദമായ സിനിമ കൂടിയാണ് ട്വന്റി 20. സിനിമയുടെ ആദ്യം പുറത്തിറങ്ങിയ പോസ്റ്ററാണ് അതിനു കാരണം. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന പോസ്റ്ററാണ് ട്വന്റി 20 യുടേതായി ആദ്യം പുറത്തിറങ്ങിയത്. ഈ പോസ്റ്ററില്‍ മമ്മൂട്ടിയായിരുന്നു മധ്യഭാഗത്ത് ഉണ്ടായിരുന്നത്. മമ്മൂട്ടിയുടെ ഇടതുവശത്തായി മോഹന്‍ലാലും വലത് വശത്തായി സുരേഷ് ഗോപിയും ആയിരുന്നു. മമ്മൂട്ടി പോസ്റ്ററില്‍ മധ്യഭാഗത്ത് വന്നത് മോഹന്‍ലാല്‍ ഫാന്‍സിന് രസിച്ചില്ല. മോഹന്‍ലാലിനെ സൈഡ് ആക്കുകയാണെന്ന് പറഞ്ഞ് പലയിടത്തും ആരാധകര്‍ പ്രതിഷേധിച്ചു. ട്വന്റി 20 ബഹിഷ്‌കരിക്കണമെന്ന് പോലും ലാല്‍ ആരാധകര്‍ ആഹ്വാനം ചെയ്തു. 
 
സിനിമയുടെ നിര്‍മാതാവ് കൂടിയായ ദിലീപ് ആ ദിവസങ്ങളില്‍ മോഹന്‍ലാല്‍ ഫാന്‍സിനെ വിളിച്ച് ചര്‍ച്ച വരെ നടത്തി. റിലീസ് ദിവസം പല തിയറ്ററുകളിലും മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ ഏറ്റുമുട്ടി. തൃശൂര്‍ ഗിരിജ തിയറ്ററില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥിതി സങ്കീര്‍ണമായി. തിയറ്ററിലെ പല വസ്തുക്കള്‍ക്കും കേടുപാട് സംഭവിച്ചു. സിനിമയുടെ പ്രദര്‍ശനം തന്നെ വൈകി. 
 
പോസ്റ്റര്‍ വിവാദം വലിയ ചര്‍ച്ചയായതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്ററുകള്‍ ഇറക്കി. സുരേഷ് ഗോപിയെ മധ്യത്തിലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇരുവശത്തുമായും നിര്‍ത്തിയുള്ള പോസ്റ്ററുകളും മോഹന്‍ലാലിനെ മധ്യഭാഗത്ത് നിര്‍ത്തിയുള്ള പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമുള്ള പോസ്റ്ററുകളും റിലീസിന് ശേഷം ഇറക്കി. യഥാര്‍ഥത്തില്‍ സിനിമ തിയറ്ററുകളിലെത്തിയപ്പോള്‍ കൂടുതല്‍ മാസ് രംഗങ്ങള്‍ മോഹന്‍ലാലിനായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍