ദുബായില്‍ നടന്ന SIIMA 2025-ല്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ നടി തൃഷയ്ക്ക് പ്രത്യേക പുരസ്‌കാരം. പുരസ്‌കാര ചടങ്ങില്‍ സംസാരിക്കവെ പക്ഷേ നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടിയെ പറ്റിയും സിനിമയില്‍ നിന്നും വിട്ടുള്ള പുതിയ യാത്രയെ പറ്റിയും തൃഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. തൃഷയുടെ സിനിമാജീവിതത്തിലെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കവെയാണ് താരത്തിന് വിജയെ പറ്റി സംസാരിക്കേണ്ടിവന്നത്.
വിജയുടെയും തൃഷയുടെയും രംഗങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വലിയ കൈയ്യടിയാണ് ഹാളിലെ പ്രേക്ഷകരില്‍ നിന്നുമുണ്ടായത്. മുഖത്ത് വലിയൊരു പുഞ്ചിരിയോടെ വിജയുടെ പുതിയ യാത്രയ്ക്ക് ഞാന്‍ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം സ്വപ്നം കാണുന്നതെല്ലാം യാഥാര്‍ഥ്യമാകട്ടെ, അതിന് അദ്ദേഹം അര്‍ഹനാണെന്നുമായിരുന്നു തൃഷയുടെ വാക്കുകള്‍. നേരത്തെ തന്നെ വിജയ് ഭാര്യയുമായി അകന്നാണ് താമസമെന്നും തൃഷയും വിജയും തമ്മില്‍ അടുപ്പത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൃഷയുടെ ആശംസകളും ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നത്. വിജയുടെ സിനിമാപ്രവേശനവും തൃഷയുമായുള്ള അടുപ്പവും എംജിആര്‍- ജയലളിത കാലത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. തൃഷയുടെ ആശംസ നടിയും വിജയുടെ പാര്‍ട്ടിയില്‍ ഭാഗമാകുമെന്നതിന്റെ സൂചനയാണെന്നും ചിലര്‍ പറയുന്നു.
2000ത്തിന്റെ തുടക്കത്തില്‍ തമിഴ് സിനിമയില്‍ ഒട്ടേറെ ഹിറ്റ് സിനിമകളില്‍ വിജയ്- തൃഷ കൂട്ടുക്കെട്ട് ഭാഗമായിരുന്നു. ഗില്ലി(2004), തിരുപ്പാച്ചി(2005), ആദി(2006), കുരുവി(2008) തുടങ്ങി 2023ല്‍ പുറത്തിറങ്ങിയ ലിയോ വരെ ഒട്ടെറെ സിനിമകളില്‍ വിജയ്- തൃഷ ജോഡി വെള്ളിത്തിരയില്‍ ഒരുമിച്ചിരുന്നു.