പ്രശാന്ത് നീലിന്റെ നായകനായി ജൂനിയർ എൻ.ടി.ആർ: ചിത്രത്തിലേക്ക് മലയാളത്തിൽ നിന്നും രണ്ട് നടന്മാർ

നിഹാരിക കെ.എസ്

ശനി, 26 ജൂലൈ 2025 (16:18 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ അണിയറയിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രത്തിലേക്ക് മലയാളത്തിൽ നിന്നും രണ്ട് നടന്മാർ. മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസും ബിജു മേനോനും ആണ് ഡ്രാഗൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കുക. ഇരുവരും ഡ്രാഗണില്‍ അഭിനയിക്കുന്ന കാര്യം പുറത്ത് വിട്ടിരിക്കുന്നത് പൃഥ്വിരാജാണ്. തന്റെ പുതിയ സിനിമ സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പുറത്തു വിട്ടത്. 
 
പാന്‍ ഇന്ത്യന്‍ കാലത്ത് മലയാള നടന്മാര്‍ക്ക് മറ്റ് സിനിമകളില്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും അവരുടെ അഭിനയ മികവിനെ ആദരിക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയിലൂടെ രണ്ട് മലയാള താരങ്ങള്‍ കൂടി തെലുങ്കിലെത്തുകയാണ്. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഡ്രാഗണിലൂടെയാണ് ഈ എന്‍ട്രി.
 
''ടൊവിനോ അതില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു മേനോനും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശാന്ത് ഈ നടന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്ന വേഷം നല്‍കുമെന്ന് എനിക്കറിയാം'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്.
 
ടൊവിനോ മുമ്പ് തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തെലുങ്കില്‍ അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്. ബിജു മേനോന്‍ മുമ്പും തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ഖതര്‍നാക് എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഒടുവിലായി തെലുങ്കില്‍ അഭിനയിച്ചത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍