അഭിനയിക്കാൻ അവസരം ചോദിച്ച് ഒരുപാട് പേരെ കണ്ടിട്ടുണ്ട്, നറുക്ക് വീണത് തുടരും സിനിമയിൽ,ജോർജ് സാറായി ഞെട്ടിച്ച പ്രകാശ് വർമ പറയുന്നു

അഭിറാം മനോഹർ

ഞായര്‍, 27 ഏപ്രില്‍ 2025 (14:31 IST)
മലയാളത്തിന്റെ മോഹന്‍ലാലിനെ അതിന്റെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ കണ്ടതിന്റെ ആഹ്‌ളാദത്തിലാണ് മലയാളി സിനിമാപ്രേക്ഷകര്‍. ലൂസിഫര്‍ എന്ന സിനിമ വലിയ വിജയം തന്നെ സ്വന്തമാക്കിയെങ്കിലും മിക്‌സഡ് അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ തുടരും എന്ന തരുണ്‍ മൂര്‍ത്തി സിനിമ പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ ആരാധകര്‍ സിനിമയെ നെഞ്ചോട് ചേര്‍ത്തു. ഏറെ നാളുകള്‍ക്ക് ശേഷം തങ്ങള്‍ ആഗ്രഹിക്കുന്ന മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണാനായത് തുടരും എന്ന സിനിമയിലാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ ഷണ്മുഖന്‍ കയ്യടികള്‍ നേടുമ്പോള്‍ അതിനൊപ്പം തന്നെ സിനിമയിലെ വില്ലനായ ജോര്‍ജ് സാറിനെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അഭിനയരംഗത്ത് പുതുമുഖമാണെങ്കിലും ഏറെ കാലമായി പരസ്യചിത്രരംഗത്തുള്ള പ്രകാശ് വര്‍മയായിരുന്നു സിനിമയില്‍ ജോര്‍ജ് സാറായി ഞെട്ടിച്ചത്.
 
 സിനിമയില്‍ ഒരു ചെറുചിരിയും ഹലോയുമായെത്തി പ്രേക്ഷകരെ വെറുപ്പിക്കുന്ന സി ഐ ജോര്‍ജ് മാത്തനായി എത്തിയ പ്രകാശ് വര്‍മ പലപ്പോഴും എന്‍ എഫ് വര്‍ഗീസിനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പല ആരാധകരും കമന്റ് ചെയ്യുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ പരസ്യചിത്രകാരനായ പ്രകാശ് വര്‍മ എന്തുകൊണ്ട് സിനിമയിലെത്താന്‍ ഇത്രയും വൈകി എന്നാണ് പലരുടെയും അതിശയം. എന്നാല്‍ താന്‍ കരിയറിന്റെ തുടക്കകാലത്ത് അഭിനയിക്കാനുള്ള അവസരത്തിനായി ഒട്ടേറെ സംവിധായകരെ കണ്ടിട്ടുണ്ടെന്നാണ് പ്രകാശ് വര്‍മ പറയുന്നത്.
 
ഇടയ്ക്കിടക്ക് ഓരോ ഡയറക്ടര്‍സിനെ പോയി കാണുമായിരുന്നു ചാന്‍സ് ചോദിച്ചിട്ട്. ഞാന്‍ ഭരതന്‍ സാറിനെ കണ്ടിട്ടുണ്ട്, സത്യന്‍ അന്തിക്കാട് സാറിനെ കണ്ടിട്ടുണ്ട്, ഫാസില്‍ സാറിനെ കണ്ടിട്ടുണ്ട്, ലോഹി സാറിനെ ഇടക്ക് ഇടക്ക് ഇടക്ക് പോയി കണ്ടിട്ടുണ്ട്. ഇതെല്ലാം ജോലിയില്‍ നിന്ന് ലീവ് എടുത്താണ് പോയിരുന്നത്. എന്നാല്‍ അവസാനമായി എന്റെ ആഗ്രഹം നടന്നത് തരുണ്‍ മൂര്‍ത്തിക്കൊപ്പം തുടരും എന്ന സിനിമയിലാണ്. പ്രകാശ് വര്‍മ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍