കെ.പി.എ.സി.ലളിതയുടെ തോളില്‍ കൈയിട്ട് ഗീതു, സംയുക്തയെ ചേര്‍ത്തുപിടിച്ച് ലക്ഷ്മി ഗോപാലസ്വാമി ഒപ്പം കാവ്യയും; ഈ ചിത്രത്തിനു പിന്നില്‍

വെള്ളി, 2 ജൂലൈ 2021 (11:04 IST)
സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ആരാധകര്‍ ഞെട്ടാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ നടി ലക്ഷ്മി ഗോപാലസ്വാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 
 
ഈ ചിത്രത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ട്. അതായത് 2001 ല്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് നടക്കുന്ന സമയത്ത് എടുത്ത ഫോട്ടോയാണ്. മുതിര്‍ന്ന നടി കെ.പി.എ.സി. ലളിത, നടിമാരായ സംയുക്ത വര്‍മ, കാവ്യ മാധവന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ലക്ഷ്മി ഗോപാലസ്വാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 2001 ലെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് ലക്ഷ്മി ഗോപാലസ്വാമിക്കായിരുന്നു. ഈ അവാര്‍ഡ് സ്വീകരിക്കാനാണ് ലക്ഷ്മി ഗോപാലസ്വാമി പരിപാടിക്കെത്തിയത്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയമാണ് ആ വര്‍ഷം ലക്ഷ്മി ഗോപാലസ്വാമിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അരയന്നങ്ങളുടെ വീട് സംവിധാനം ചെയ്ത ലോഹിതദാസിനെയും ഈ ഫോട്ടോ പങ്കുവച്ചുകൊണ്ട് ലക്ഷ്മി ഗോപാലസ്വാമി ഓര്‍ക്കുന്നു. 
 
ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ഏഷ്യനെറ്റ് പുരസ്‌കാരം നേടിയത് സംയുക്ത വര്‍മ്മയായിരുന്നു. മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലെ അഭിനയമാണ് സംയുക്തയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കൂടാതെ മികച്ച താര ജോഡികള്‍ക്കുള്ള പുരസ്‌കാരവും ബിജു മേനോനും സംയുക്ത വര്‍മയും മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലൂടെ നേടിയതും 2001 ല്‍ ആണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍