വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ‘എന്നൈ നോക്കി പായും തോട്ടാ’ എന്ന ഗൌതം വാസുദേവ് മേണോന്‍ ചിത്രം റിലീസായിരിക്കുന്നു. ധനുഷ് നായകനായ സിനിമ ഒരു മികച്ച കാഴ്ചാനുഭവം എന്ന പേരാണ് ആദ്യദിനം നേടിയിരിക്കുന്നത്. അതേദിവസം തന്നെ ഗൌതം മേനോന്‍റെ അടുത്ത ചിത്രത്തിന്‍റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ‘ജോഷ്വ - ഇമൈ പോല്‍ കാക്ക’ എന്നാണ് ചിത്രത്തിന് പേര്.
വരുണ്‍ നായകനാകുന്ന ‘ജോഷ്വ’ ഒരു ആക്ഷന്‍ ത്രില്ലറാണ്. ഗൌതം മേനോന്‍റെ പതിവ് സ്റ്റൈലില്‍ തന്നെയുള്ള ഈ സിനിമയില്‍ പ്രണയത്തിനും പ്രാധാന്യമുണ്ടെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. കുന്ധവി ചിദംബരം എന്ന അസിസ്റ്റന്‍റ് യു എസ് അറ്റോര്‍ണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നു. അവര്‍ ചെന്നൈയില്‍ ചെലവഴിക്കുന്ന ഒരു മാസക്കാലം അവരുടെ സെക്യൂരിറ്റിക്കായി ചുമതലപ്പെടുത്തുന്ന ഹിറ്റ്മാന്‍ ആണ് ജോഷ്വ. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളായിരിക്കും ഈ സിനിമയുടെ പ്രത്യേകത.