നിർമാതാവ് സാന്ദ്ര തോമസിനെതിരെ പ്രൊഡ്യൂസേർസ് അസോസിയേഷൻ നടപടി എടുത്ത സാഹചര്യത്തിൽ പ്രതികരണവുമായി സാന്ദ്ര. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് സംഘടന പറയുന്നു. നേരത്തെ സംഘടനയുടെ നേതൃത്വത്തിലുള്ള ചിലർക്കെതിരെ സാന്ദ്ര തോമസ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു. ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു പരാതി. മാധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വത്തിനെതിരെ സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടി.
അതേസമയം സംഘടനയിലെ ചിലരുടെ ഗൂഢലോചനയുടെ ഭാഗമായാണ് തന്നെ പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് ആരോപിക്കുന്നു. സംഘടനയുടെ ഭാരവാഹികളും താൻ പരാതി നൽകിയവരും പിന്നിലുണ്ട്. പവർ ഗ്രൂപ്പ് സിനിമാ രംഗത്തുണ്ട്. എത്ര മൂടി വെച്ചാലും അത് പുറത്ത് വരുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. അതിജീവിതകൾക്കൊപ്പം നിന്നതിനാലാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടി എടുത്തത്. ജോലി ചെയ്യുന്നവർക്ക് ലൈംഗിക അതിക്രമത്തിന് പരാതി നൽകാം. എന്നാൽ ഞാൻ ഒരു എംപ്ലോയർ ആണ്. തനിക്ക് ഇത്തരം പരാതി നൽകാൻ സ്പേസില്ല.
മറ്റ് സ്ത്രീകളുടെ കൂടെ നിന്ന് ഇത് ഇല്ലാതാക്കാനാണ് താൻ ശ്രമിച്ചതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. താൻ നൽകിയ കേസിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നേതൃത്വത്തിൽ നിന്നും പെരുമാറ്റം ഉണ്ടായിട്ടുണ്ട്. പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ്, ഔസേപ്പച്ചൻ, അനിൽ തോമസ് എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൊടുത്തത്.