തരുൺ മൂർത്തിയുടെ മൂന്നാമത്തെ ചിത്രമാണ് തുടരും. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ബോക്സ് ഓഫീസിൽ സകല റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 200 കോടി കടന്നു കഴിഞ്ഞു. ഇതിനിടെ തരുൺ അടുത്തതായി ആസിഫ് അലിക്കൊപ്പം ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ കുറിച്ച് ആസിഫ് അലി മനസ് തുറക്കുന്നു.
തരുണുമായി ഒരു സിനിമയ്ക്കായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു. 'തരുൺ മൂർത്തിയുമായി ഒരു സിനിമയ്ക്കായുള്ള ഡിസ്കഷൻ തുടരുന്നുണ്ട്. തരുൺ അടുത്ത് ചെയ്യുന്ന സിനിമയിൽ ഞാനില്ല. പക്ഷെ തരുണുമായുള്ള ഒരു സിനിമ ഞങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹത്തിൽ ഉള്ളതാണ്. അതിനായുള്ള സംസാരങ്ങൾ നടക്കുന്നുണ്ട്', ആസിഫ് അലി പറഞ്ഞു.
വമ്പൻ താരനിരയുമായാണ് അടുത്ത തരുൺ മൂർത്തി ചിത്രം എത്തുന്നത്. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവന്നിരുന്നു. ഫഹദ് ഫാസിൽ, നസ് ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്.