Bhramayugam: ഭ്രമയുഗം മലയാളം കാണാൻ പോകുന്ന ഏറ്റവും റിസ്കുള്ള പരീക്ഷണം, മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലെന്ന് സൂചന

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (14:26 IST)
മലയാളസിനിമയുടെ കുലപതിയായ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തീ പടര്‍ത്തികൊണ്ടാണ് താരത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. കറപുരണ്ട പല്ലുകളും കണ്ണുകളില്‍ ക്രൂരതയും നിഗൂഡതയും ജനിപ്പിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. പഴയ യക്ഷിയുടെയും മന്ത്രവാദത്തിന്റെയുമെല്ലാം പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പ്രമേയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ഹൈപ്പ് സൃഷ്ടിച്ചിരുന്നു.
 
ഭൂതകാലം എന്ന സിനിമയുടെ സംവിധായകനായ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിലാണ് പ്രത്യക്ഷപ്പെടുക എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നായകപ്രാധാന്യമുള്ള വേഷങ്ങളില്‍ അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ് ഭരതന്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ നിഗൂഡതകള്‍ക്കപ്പുറം മലയാളസിനിമയില്‍ തന്നെ ഏറ്റവും റിസ്‌കുള്ള പരീക്ഷണമാകും ഭ്രമയുഗത്തിലൂടെ രാഹുല്‍ സദാശിവന്‍ നടത്താന്‍ പോകുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
 
മലയാള സിനിമ കാലങ്ങള്‍ക്ക് മുന്‍പ് കൈവിട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലാകും ചിത്രം ഒരുക്കുക എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ടെക്‌നിക്കലി ഒരുപാട് മുന്നേറിയ എഡിറ്റിംഗിലും കളര്‍ ഗ്രേഡിംഗിലും ഒത്തിരി പരീക്ഷണങ്ങള്‍ നടക്കുന്ന ഇക്കാലത്ത് വീണ്ടും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ചിത്രം ഒരുക്കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ ചിത്രം സ്വീകരിക്കുമെന്ന വെല്ലുവിളി സംവിധായകന് മുന്നിലുണ്ട്. എന്നാല്‍ പ്രമേയം കൊണ്ടും സംവിധാന മികവ് കൊണ്ടും ചിത്രം മികച്ച നിലവാരം പുലര്‍ത്തുമെന്ന് ഉറപ്പാണ്. ഇതുവരെ കാണാത്ത തരത്തില്‍ മമ്മൂട്ടി സ്‌ക്രീനില്‍ നിറഞ്ഞാടുമെന്ന് ഉറപ്പുള്ളതിനാല്‍ തന്നെ എന്ത് മാജിക്കാകും ചിത്രം സമ്മാനിക്കുന്നത് എന്ന് കാണാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേക്ഷകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍