Star Boy Video Song: 'മൂന്ന് മാസത്തെ കഷ്ടപ്പാട്, ക്രെഡിറ്റ് AI യ്ക്ക്'; പ്രകാശ് മാത്യുവിന്റെ രണ്ടാം വരവിൽ AI ഇല്ലെന്ന് DJ SIX EIGHT

നിഹാരിക കെ.എസ്

ബുധന്‍, 9 ജൂലൈ 2025 (10:47 IST)
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ മ്യൂസിക് വീഡിയോയായിരുന്നു സിക്‌സ് എയ്റ്റ് എന്ന യുട്യൂബ് ചാനൽ പുറത്തിറക്കിയ 'നിറം' സിനിമയിലെ 'പ്രായം നമ്മിൽ മോഹം നല്‍കി' എന്ന പാട്ടിന്റെ മിക്സ്. ദി വീക്കെന്‍ഡിന്റെ സ്റ്റാര്‍ ബോയ് പാട്ടുമായി മിക്സ് ചെയ്തിറക്കിയ വീഡിയോയ്ക്ക് രണ്ടര മില്യൺ കാഴ്ചക്കാരാണ് ഉണ്ടായത്. പാട്ട് ഹിറ്റായി. ഒപ്പം, പ്രകാശ് മാത്യുവും.
 
വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഇതിന്റെ മേക്കിങ്ങിനെ കുറിച്ച് വ്യാപക ചർച്ചകൾ ഉയർന്നിരുന്നു. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വീഡിയോ നിര്മിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ ഈ വാദത്തെ തള്ളുകയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഡിജെ സിക്സ്എയ്റ്റ് എന്നറിയപ്പെടുന്ന റൊമിനിക് സ്റ്റീഫൻ. 
 
പ്രകാശിന്റെ മുഖം സൃഷ്ടിച്ച് പല ആങ്കിളുകളിൽ ബ്ലെൻഡ് ചെയ്താണ് ഇവ നിർമിച്ചതെന്നും ഇതിന് വേണ്ടി 6500 ഫ്രെയിമുകൾ വരെ ട്രാക്ക് ചെയ്യേണ്ടി വന്നെന്നും ഡിജെ സിക്സ്എയ്റ്റ് ദി ഹിന്ദുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മൂന്ന് മാസത്തെ കഷ്ടപ്പാട് ആണ് ഇതിന്റെ എഡിറ്റിങ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 
'എഐ ആണ് ഇതെന്ന് പറയുന്നവരുണ്ട്. ഞങ്ങൾ കഷ്ടപെട്ടെടുത്ത വർക്കിന്‌ എ ഐയ്ക്ക് ക്രെഡിറ്റ് കൊടുക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്, ഒന്നര വർഷം പഠനത്തിനായും മൂന്ന് മാസം ഇതിന്റെ എഡിറ്റിങ്ങിനായും ഞങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
നിറത്തിൽ പ്രകാശ് മാത്യു എന്ന കഥാപാത്രം കോളേജിൽ ആലപിക്കുന്ന ഗാനമായിരുന്നു 'പ്രായം നമ്മിൽ മോഹം നല്‍കി' എന്നത്. പ്രകാശ് മാത്യു എന്ന കഥാപാത്രം സോന എന്ന കഥാപാത്രവുമായി വിവാഹമുറപ്പിക്കുന്നതും പിന്നീട് ആ വിവാഹം നടക്കാതെ പോകുന്നതും സോന കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച കഥാപാത്രത്തെ വിവാഹം കഴിക്കുന്നതുമൊക്കെയാണ് 'നിറം' ചിത്രത്തിന്റെ ഇതിവൃത്തം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍