ലോകമെങ്ങും വൈറലായ സ്ക്വിഡ് ഗെയിം സീസണിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ഡിസംബറിലായിരുന്നു പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ സീസണിലെ അഭിനേത്രിയായ പാർക്ക് ഗ്യു-യങ് അബദ്ധത്തിൽ സീസൺ 3 യുടെ സ്പോയിലർ പുറത്തുവിട്ടതായി പ്രചാരണം ഉണ്ടായി. പിങ്ക് ഗാർഡ് 011 ആയിട്ടായിരുന്നു നടി അഭിനയിച്ചത്. സ്പോയിലർ ആകുന്ന ഫോട്ടോ പുറത്തുവിട്ടതിന് നടിക്ക് നെറ്റ്ഫ്ലിക്സ് ലക്ഷങ്ങൾ പിഴ ഇട്ടുവെന്നും പ്രചരിച്ചിരുന്നു.
സംഭവത്തിൽ മൗനം വെടിഞ്ഞ് നടി. അവരുടെ കഥാപാത്രം (ഗാർഡ് 011) പാർക്ക് ഗ്യോങ്-സിയോക്ക് അഥവാ പ്ലെയർ 246 (ലീ ജിൻ-വുക്ക്) നെ ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് നടി പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മനസ്സിലാവുകയായിരുന്നു. പോസ്റ്റ് വൈറലായതോടെ, നടി ഇത് ഇൻസ്റ്റഗ്രാമിൽ നിന്നും പിൻവലിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും സ്പോയിലർ ലീക്കായിരുന്നു. തനിക്ക് സംഭവിച്ച അബദ്ധമായിരുന്നു അതെന്ന് നടി പറയുന്നു.
സ്പോർട്സ് ചോസണിന് നൽകിയ അഭിമുഖത്തിൽ, പ്രധാന സ്‌പോയിലർ പോസ്റ്റ് ചെയ്തതിന് നടി ക്ഷമാപണം നടത്തി. സ്വയം നിരാശപ്പെടുത്തുന്ന സംഭവമായിരുന്നു അത്. തന്റെ പ്രവൃത്തി പലരെയും നിരാശപ്പെടുത്തിയിരുന്നുവെന്നും നടി പറയുന്നു. കൈയബദ്ധം പറ്റിയെന്ന് മനസിലായപ്പോൾ തന്നെ സംവിധായകനെയും പ്രൊഡക്ഷൻ ടീമിനെയും താൻ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അത്തരമൊരു സംഭവം ഉണ്ടായതിൽ ക്ഷമാപണം നടത്തിയിരുന്നുവെന്നും നടി പറയുന്നു. പിഴ ഈടാക്കിയ സംഭവത്തിൽ തനിക്ക് ഒന്നും പറയാൻ സാധിക്കില്ലെന്നും നടി പറഞ്ഞു.