അന്തരിച്ച കലാകാരൻ കൊല്ലം സുധിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും ഭാര്യ രേണു സുധി കട്ടിലിനടിയിൽ അലക്ഷ്യമായി വെച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുധിയുടെ മൂത്ത മകൻ കിച്ചു എന്ന രാഹുൽ പുറത്ത് വിട്ട വീഡിയോയിലാണ് സുധിയുടെ കുടുംബത്തിനായി സന്നദ്ധ സംഘടനകൾ നിർമ്മിച്ച് നൽകിയ വീട്ടിലെ മുറിയിലെ കട്ടിലിനടിയിൽ നടന് ലഭിച്ച അംഗീകാരങ്ങൾ അലക്ഷ്യമായി കിടക്കുന്ന ദൃശ്യമുള്ളത്.
ഇപ്പോഴിതാ വൈറൽ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. സൂക്ഷിക്കാൻ കഴിയാതെ ഉപേക്ഷിച്ചതല്ലെന്നും മകൻ എടുത്ത് കളിക്കാതിരിക്കാൻ മാറ്റിവെച്ചതാണെന്നുമാണ് രേണു ഇതിനെ കുറിച്ച് പറയുന്നത്. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും ഷോക്കെയ്സ് പോലുള്ളവ നിർമ്മിച്ച് അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രേണു പറയുന്നു. കട്ടിലിനടിയിൽ താൻ സൂക്ഷിച്ച് വെച്ചതാണെന്നും രേണു പറയുന്നുണ്ട്.
'വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല. സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വെക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എനിക്ക് അടുത്തിടെയല്ലേ അഞ്ച്, എട്ട് അവാർഡ് കിട്ടിയത്. അതും വരുന്ന വഴിക്ക് മേശപ്പുറത്തേക്ക് വെക്കുന്നുവെന്ന് മാത്രം. അല്ലാതെ എന്റേത് ഇവിടെ ഇരിക്കട്ടേയെന്ന രീതിയിൽ സൂക്ഷിച്ച് വെച്ചതല്ല. സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളയാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്.
മാത്രമല്ല ചേച്ചിയുടെ മക്കൾ കൂടി വരുമ്പോൾ ഇവർ ഞാൻ അറിയാതെ ഫോൺ അടക്കം എടുത്ത് കളിക്കും. ഒരു ദിവസം ഞാൻ ചെന്നപ്പോൾ സുധി ചേട്ടന്റെ ഫോട്ടോയിൽ കുഞ്ഞുങ്ങൾ പൊട്ടൊക്കെ വെച്ച് കണ്ണെഴുതിയിരിക്കുന്നു. അച്ഛനെ ഒരുക്കിയതാണ് എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്. അങ്ങനെ ചെയ്യരുതെന്ന് പിന്നീട് ഞാൻ പറഞ്ഞ് കൊടുക്കുകയാണ് ചെയ്തത്', രേണു പറഞ്ഞു.
എന്നാൽ സുധിയുടെ ആരാധകർ രേണുവിന്റെ മറുപടിയിൽ തൃപ്തരായിട്ടില്ല. യഥാർത്ഥ്യം പ്രേക്ഷകർ മനസിലാക്കിയപ്പോൾ രേണു തടിതപ്പാൻ ശ്രമിക്കുകയാണെന്നാണ് പ്രതികരണ വീഡിയോയ്ക്ക് വന്ന കമന്റുകൾ. സുധിയുടെ മൂന്നാം ഭാര്യയാണ് രേണു. നടന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷം സുധി രണ്ടാമത് വീണ്ടും ഒരു വിവാഹം കഴിച്ചിരുന്നുവെന്നും അത് ഡിവോഴ്സായശേഷമാണ് രേണു ജീവിതത്തിലേക്ക് വന്നതെന്നും അടുത്തിടെ പ്രചരിച്ചിരുന്നു.