പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ നരേന്ദ്രമോദിയുടെ ബയോപിക്കില്‍ നായകനാവുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍. നരേന്ദ്രമോദിയെ കുട്ടിക്കാലത്ത് ഗുജറാത്തില്‍ ആയിരുന്ന സമയത്ത് കണ്ടിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയായ അദ്ദേഹത്തെ പിന്നെയും കാണാന്‍ സാധിച്ചെന്നും ഇന്ന് അദ്ദേഹത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ പോകുന്നതിലും സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
വരാനിരിക്കുന്ന ചിത്രമായ മാ വന്ദേയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിയെ അവതരിപ്പിക്കുന്നുവെന്നത് വിനയത്തോടെ പങ്കുവെയ്ക്കുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതോടെ വലിയ ചര്‍ച്ചയാണ് സിനിമയെ പറ്റി വരുന്നത്. നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി എത്തിയത്. അതേസമയം മലയാള സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതെയായപ്പോള്‍ പ്രൊപ്പഗണ്ട സിനിമകളില്‍ അഭിനയിക്കുകയാണ് ഉണ്ണി ചെയ്യുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ പറയുന്നു.
സമാജം സ്റ്റാര്‍ ഫീല്‍ഡ് ഔട്ടായി ഇനി സംഘിപ്പടം ചെയ്ത് നടക്കാം. നല്ല ആക്ഷന്‍ സിനിമകളില്‍ അഭിനയിച്ച് ഇന്ത്യയാകെ അറിയപ്പെടേണ്ട നടന്‍ പ്രൊപ്പഗണ്ട സിനിമകളില്‍ ഭാഗമാകുന്നതില്‍ സങ്കടമുണ്ടെന്ന് ചിലര്‍ പറയുന്നു. സമാജം സ്റ്റാര്‍ എന്നത് എന്തുകൊണ്ടാണ് വിളിക്കുന്നതെന്ന് ഇപ്പോള്‍ മനസിലായിക്കാണുമെന്നും ചിലര്‍ പറയുന്നു.